ന്യൂദൽഹി- പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യയാക്കാൻ ശുപാർശ. മഹുവക്ക് എതിരായ റിപ്പോർട്ട് എത്തിക്‌സ് കമ്മിറ്റിയിൽ നാലിനെതിരെ ആറു വോട്ടുകൾക്കാണ് പാസായത്. റിപ്പോർട്ട് നാളെ ലോക്‌സഭാ സ്പീക്കർക്ക് കൈമാറും. അതേസമയം റിപ്പോർട്ട് ചോർന്നുവെന്ന് ആരോപിച്ച് മെഹുവ ലോക്‌സഭ സ്പീക്കർക്ക് കത്തയച്ചു. റിപ്പോർട്ടിൽ സ്പീക്കർ തുടർനടപടി സ്വീകരിക്കും. കോൺഗ്രസിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പി പ്രണീത് കൗർ മഹുവയ്‌ക്കെതിരെ വോട്ട് ചെയ്തു.
500 പേജുള്ള റിപ്പോർട്ടാണ് എത്തിക്‌സ് കമ്മിറ്റി തയ്യാറാക്കിയത്. അദാനിക്കെതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എം.പിയുടെ പാർലമെന്ററി ലോഗിൻ ഐ.ഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്‌ക്കെതിരെ നിലനിൽക്കുന്നത്. ആരോപണങ്ങളിൽ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം മഹുവ നേരത്തെ സമ്മതിച്ചിരുന്നു. പാർലമെൻറ് ഇ മെയിൽ വിവരങ്ങൾ കൈമാറിയിട്ടുള്ളതായും ലോഗിൻ, പാസ്‌വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.
അതേസമയം,മെഹുവ മൊയ്ത്രക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ലോക്പാൽ ഉത്തരവിട്ടതായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ അവകാശപ്പെട്ടിരുന്നു. നേരത്തെ ലോക്‌സഭ സ്്പീക്കർക്ക് പരാതി നൽകിയതും നിഷികാന്ത് ദുബെയാണ്. നിലവിൽ മഹുവ മൊയ്ത്രയുടെ മുൻ പങ്കാളികൂടിയ അഭിഭാഷകൻ ആനന്ദ്് ദെഹദ്രോയ് നൽകിയ പരാതി നലവിൽ സി ബി ഐയുടെ മുന്നിലുണ്ട്. വിഷയത്തിൽ ലോക്‌സഭ എത്തിക്‌സ് കമ്മിറ്റിയുടെ വിസ്താരത്തിനിടെ അധ്യക്ഷന്റെ മോശം ചോദ്യങ്ങളെത്തുടർന്ന് മഹുവ മൊയ്ത്ര ഇറങ്ങിപ്പോന്നിരുന്നു.