തൃശൂര്‍ - ഭൂമി അളക്കുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ താലൂക്ക് സര്‍വ്വയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. സെക്കന്റ് ഗ്രേഡ് സര്‍വ്വയര്‍ എന്‍ രവീന്ദ്രനാണ് താലൂക്ക് സര്‍വ്വേ ഓഫീസില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് അയ്യന്തോള്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം കാത്തിരുന്ന് പിടികൂടുകയായിരുന്നു. വസ്തു സംബന്ധമായ കേസിനെത്തുടര്‍ന്ന് തൃശൂര്‍ മുന്‍സിഫ് കോടതി അഡ്വ. കമ്മീഷനെ വെച്ചിരുന്നു. ജൂലൈ മാസത്തില്‍ രവീന്ദ്രന് വസ്തു അളന്നെങ്കിലും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അയ്യായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. 2500 രൂപ രവീന്ദ്രന്റെ താമസ സ്ഥലത്ത് എത്തിച്ച് നല്‍കിയിരുന്നു. എന്നിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്ന് സര്‍വ്വയറെ വീണ്ടും സമീപിച്ചപ്പോള്‍ 2500 രൂപകൂടി ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് സംഘം നല്കിയ നോട്ടുകളുമായി പരാതിക്കാരന് താലൂക്ക് സര്‍വ്വെ ഓഫീസിലെത്തി രവീന്ദ്രന് കൈമാറുകയായിരുന്നു. പണം വാങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി രവീന്ദ്രനെ പിടികൂടുകയായിരുന്നു.