ജയലളിതയ്ക്ക് പിന്നാലെ കരുണാനിധിയും വിടവാങ്ങിയതോടെ തമിഴ് നാട് രാഷ്ട്രീയം തികഞ്ഞ ശൂന്യതയിലായി. കമല്‍ ഹാസന്റെയും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശത്തിന് പറ്റിയ കാലാവസ്ഥയാണ് സംസ്ഥാനത്ത്. കരുണാനിധിയുടെയും ജയലളിതയുടെയും സ്ഥാനം ഭാവിയില്‍ ഇവര്‍ കൈയടക്കിയാലും അത്ഭുതപ്പെടാനില്ല. രജനിയെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ കമല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്.
കാമരാജിലൂടെയും ഭക്തവത്സലത്തിലൂടെയും ഒരു കാലത്തു അധികാരത്തിലിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തമിഴ് രാഷ്ട്രീയ അധികാരത്തില്‍ നിന്ന് പുറത്തായിട്ടു നാല് പതിറ്റാണ്ടു കഴിഞ്ഞു. ഡിഎംകെയുടെ പിറവിയോടെ അണ്ണാദുരൈ പിടിച്ച അധികാരം പിന്നീട് ഡിഎംകെയും അതില്‍ നിന്ന് രൂപം കൊണ്ട അണ്ണാ ഡിഎംകെയും പങ്കിട്ടു വരികയായിരുന്നു. കരുണാനിധിയും എംജിആറും ജയലളിതയും അതിന്റെ പി•ുറക്കാരായി. ദേശീയ കക്ഷികള്‍ക്ക് ഒരു പഴുതും നല്‍കാതെ തമിഴകത്തു ദ്രാവിഡ കോട്ട ഉയര്‍ന്നു. കോണ്‍ഗ്രസ് കാഴ്ചക്കാരായി. ബിജെപി പടിക്കു പുറത്തു നിന്നു.
എന്നാല്‍ ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തോടെ കാര്യങ്ങള്‍ മാറുകയാണ്. ദ്രാവിഡ കോട്ടയില്‍ വിള്ളല്‍ വീണു കഴിഞ്ഞു. അണ്ണാഡിഎംകെ പിളര്‍ന്നു രണ്ടായി. ചിലപ്പോള്‍ മൂന്നുമാകാം. പളനി സാമി-പനീര്‍ശെല്‍വം വിഭാഗം ബിജെപിയുടെ ഇടപെടലോടെ ഒരു ധാരണയില്‍ മുന്നോട്ടു പോകുന്നുവെന്നേയുള്ളൂ. ശശികല വിഭാഗത്തിന്റെ ദിനകരന്‍ വെളിയിലുണ്ട്. അണ്ണാ ഡിഎംകെ ഗ്രൂപ്പുകളെ മെരുക്കി ബിജെപി തമിഴകത്തേയ്ക്കു കടക്കാനൊരുങ്ങുകയാണ്.
മറുവശത്തു ഡിഎംകെയിലും സമാന സാഹചര്യം ഉണ്ടാവാം. അവിടെ കരുണാനിധിയുടെ മക്കളാവും പിളര്‍പ്പിന് വഴിവയ്ക്കുക. സ്റ്റാലിനും അഴഗിരിയും തമ്മിലുള്ള പോരിനു തന്നെയാണ് തന്നെയാണ് സാധ്യത. അഴഗിരിയെ ചൂടുപിടിപ്പിക്കാന്‍ ബിജെപി മുന്നിട്ടിറങ്ങിയേക്കും. സ്റ്റാലിന് പിന്നില്‍ കോണ്‍ഗ്രസും നിലയുറപ്പിക്കും. 39 സീറ്റുകളുള്ള തമിഴുനാട് ദേശീയ പാര്‍ട്ടികള്‍ക്ക് പ്രധാനമാണ്.