മുസ്ലിം വേൾഡ് ലീഗുമായി കൈകോർക്കുന്നത് ഇത് രണ്ടാം തവണ
മക്ക- മലയാളം ന്യൂസിന്റെ സഹോദര സ്ഥാപനവും മിഡിൽ ഈസ്റ്റിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രവുമായ അറബ് ന്യൂസ് മുസ്ലിം വേൾഡ് ലീഗുമായി സഹകരിച്ച് തീർഥാടകർക്ക് സഹായകമായ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുമായി രംഗത്ത്. കഴിഞ്ഞ വർഷവും മുസ്ലിം വേൾഡ് ലീഗുമായി സഹകരിച്ച് ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നുവെങ്കിലും ഇത്തവണ നിരവധി സവിശേഷതകളോടെയാണ് ഹജ് ആപ്പ് വരുന്നത്.
തീർഥാടകന് ഏത് സമയവും തന്റെ നാട്ടിലുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം സാധ്യമാക്കുന്ന 'ഹാജി ട്രാക്കിംഗ്' സേവനമാണ് ഇതിൽ പരമപ്രധാനം. ഖിബ്ല നിർണയത്തിനുള്ള ഡിജിറ്റൽ കോമ്പസ്, കൃത്യതയുള്ള കറൻസി കൺവേർട്ടർ, ഖുർആൻ പാരായണത്തിന്റെയും വിവിധ പ്രാർഥനകളുടെയും ഓഡിയോ ഫയലുകൾ എന്നിവ പുതുതായി ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹാജിമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നമ്പറുകളും ഹജുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകളും ആപ്പ് വഴി ലഭ്യമാണ്.
അടിയന്തര ഘട്ടങ്ങളിൽ സഹായത്തിന് ബന്ധപ്പെടേണ്ട വകുപ്പുകളുടെയും, സൗദിയിലെ മുഴുവൻ എംബസികളിലേയും, മക്കയിലും മദീനയിലുമുള്ള സർക്കാർ അംഗീകൃത സന്നദ്ധ സംഘങ്ങൾ തുടങ്ങിയവയുടെ നമ്പറുകൾ ആപ്ലിക്കേഷനിൽ ലഭ്യമാകും. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ ലൊക്കേഷൻ ബന്ധപ്പെട്ടവർക്കും ഹജ് മിഷനുകളുകൾക്കും എളുപ്പത്തിൽ കണ്ടുപിടിക്കാൻ അറബ് ന്യൂസ് സേവനം വഴിയൊരുക്കും. ഇതുവഴി അവശ്യ സഹായം എത്തിക്കാനും കൂട്ടംതെറ്റി പോകുന്ന ഹാജിമാരെ പെട്ടെന്ന് കണ്ടെത്തുന്നതിൽ അറബ് ന്യൂസ് ഹജ് ആപ്പ് സഹായകമാകും. ആൻഡ്രോയിഡ്, ഐ.ഒ.എസ് എന്നീ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.
പൊതുജനങ്ങൾക്കും തീർഥാടകർക്കും വളരെയധികം പ്രയോജനം ചെയ്യുന്ന ആപ്ലിക്കേഷൻ പുറത്തിറക്കുന്നതിന് സഹകരിച്ച മുസ്ലിം വേൾഡ് ലീഗിന് അറബ് ന്യൂസ് ഓഫീസ് മേധാവി മുഹമ്മദ് അൽ സലമി കൃതജ്ഞത രേഖപ്പെടുത്തി. വിശുദ്ധ കർമം ചെയ്യുന്നതിനായി പുണ്യഭൂമിയിലെത്തുന്ന ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് ആപ്പ് പ്രയോജനപ്രദമാകും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാഭേഛ പ്രതീക്ഷിക്കാതെ മാധ്യമ സ്ഥാപനങ്ങളുമായി കൈകോർത്ത ഈ നടപടി തികച്ചും മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നുമെത്തുന്ന ഹജ് തീർഥാടകർക്ക് സേവനം നൽകുന്ന സംരംഭത്തിന്റെ ഭാഗഭാക്കായതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് മുസ്ലിം വേൾഡ് ലീഗ് പ്രതിനിധികൾ വ്യക്തമാക്കി. വിദേശ ഹാജിമാർക്ക് ഇംഗ്ലീഷിൽ ഹജ് വിവരങ്ങൾ ലഭ്യമാക്കുന്നതിന് മുന്നിട്ടിറങ്ങിയ അറബ് ന്യൂസ് പത്രത്തിന്റെ പരിശ്രമം പ്രശംസനീയമാണെന്നും അവർ പറഞ്ഞു. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അറബ് ന്യൂസ് വെബ്സൈറ്റിൽ വായിക്കാം.