ന്യൂദല്‍ഹി- വ്യത്യസ്ത കാരണങ്ങളെ തുടര്‍ന്ന് വിമാനം റദ്ദാക്കുകയോ യാത്ര വൈകുകയോ ബോര്‍ഡിംഗ് നിരസിക്കുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമു്ട്ടുകള്‍ക്ക് പരിഹാരമായി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ചുള്ള വ്യവസ്ഥകള്‍ ലംഘിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണിത്. ബോര്‍ഡിംഗ് നിരസിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 2022 ജൂണില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈനിനെതിരെ ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വിമാന യാത്രികരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2023 മെയ് മാസം മുതല്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎ രാജ്യത്തെ വിവിധ ആഭ്യന്തര വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടത്തിവരുന്നുണ്ട്.