ഹുബ്ബള്ളി- കര്‍ണാടകയില്‍ സാമൂഹ്യക്ഷേമ മന്ത്രി എച്ച്.സി. മഹാദവപ്പ ഷൂ ധരിക്കാന്‍ എസ്‌കോര്‍ട്ട് സ്റ്റാഫിലെ ഗണ്‍മാന്റെ സഹായം തേടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മന്ത്രിയുടെ നടപടി വ്യാപക വിമര്‍ശനത്തിന് കാരണമായി. എന്നാല്‍, തന്റെ നടുവേദനയാണ് ജീവനക്കാരുടെ സഹായം തേടാന്‍ കാരണമെന്ന് അല്‍പ സമയത്തിനുശേഷം മന്ത്രി വിശദീകരണം നല്‍കി.
ബുധനാഴ്ച ധാര്‍വാഡിലെ സപ്താപൂരില്‍ സര്‍ക്കാര്‍ നടത്തുന്ന ഗൗരിശങ്കര്‍ ഹോസ്റ്റലിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് സംഭവം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ അടുക്കളയില്‍ കയറിയ മന്ത്രി ഷൂ ഊരിമാറ്റി. ഭക്ഷണത്തിന്റെ ഗുണനിലവാരവും വൃത്തിയും പരിശോധിച്ച ശേഷം അദ്ദേഹം ഹോസ്റ്റല്‍ അധികൃതര്‍ക്കും പാചകക്കാരനും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. അടുക്കളയില്‍ നിന്ന് ഇറങ്ങിയ ശേഷം ഷൂ ധരിക്കാന്‍ എസ്‌കോര്‍ട്ട് സ്റ്റാഫ് സഹായിക്കുന്ന വീഡിയോ ആണ് വൈറലായത്.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് ധാര്‍വാഡിലെ ഏതാനും പരിപാടികളില്‍ പങ്കെടുത്ത മന്ത്രി അഹങ്കാരം കൊണ്ടല്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും വ്യക്തമാക്കി. നഞ്ചന്‍കോട് ഉപതെരഞ്ഞെടുപ്പിനിടെ അരക്കെട്ടിന് പരിക്കേറ്റതിനാല്‍ അധികം വളയാന്‍ കഴിയാതെ വന്നതിനാല്‍ ചെരുപ്പ് ധരിക്കാന്‍ മറ്റൊരാളുടെ സഹായം തേടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.