Sorry, you need to enable JavaScript to visit this website.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിരക്കില്‍ വന്‍ വര്‍ധന, യു.എ.ഇ പ്രവാസികള്‍ക്ക് ചെലവേറും

അബുദാബി- വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടിയത് യു.എ.ഇയിലെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും. ഇരുപതോളം ഇന്‍ഷൂറന്‍സ് കമ്പനികളാണ് 10 മുതല്‍ 35 ശതമാനം വരെ പ്രീമിയം നിരക്ക് കൂട്ടിയത്.
കോവിഡിനു ശേഷമുള്ള സ്ഥിതിയാണ് കമ്പനികള്‍ ഇതിന് കാരണമായി പറയുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയതും മരുന്നിന്റെയും ചികിത്സയുടെയും ചെലവ് കൂടിയതും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
കമ്പനികള്‍ അവരുടെ ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക വഹിക്കുമെങ്കിലും കുടുംബാംഗങ്ങളുടെ ഇന്‍ഷുറന്‍സ് തുക വ്യക്തികള്‍ വഹിക്കണം. അതിനാല്‍ പ്രീമിയം വര്‍ധന ജീവിതച്ചെലവ് വര്‍ധിപ്പിക്കും.
അത്യാവശ്യം കൊള്ളാവുന്ന ഒരു ആരോഗ്യ ഇന്‍ഷൂറന്‍സിന് വര്‍ഷത്തില്‍ 10,000 ദിര്‍ഹമെങ്കിലും മാറ്റിവെക്കേണ്ടിവരും. മരുന്നുകള്‍ക്കും സേവന നിരക്കിലും 10-20% വര്‍ധനയാണ് പ്രീമിയം കൂട്ടാന്‍ പ്രേരിപ്പിച്ചതെന്നാണ് ചില കമ്പനികളുടെ വാദം. 4000 ദിര്‍ഹത്തില്‍ കൂടുതല്‍ ശമ്പളമുള്ള 18-45 വയസ്സിനിടയില്‍ പ്രായമുള്ള വനിതകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 10% വര്‍ധിപ്പിച്ചു. ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ളവരുടെ പ്രീമിയം 20-30% കൂട്ടി. 4000 ദിര്‍ഹത്തില്‍ കുറഞ്ഞ ശമ്പളക്കാരുടെ പ്രീമിയം വര്‍ധിപ്പിച്ചിട്ടില്ലെന്ന് ചില ഇന്‍ഷൂറന്‍സ് കമ്പനികള്‍ ചൂണ്ടിക്കാട്ടി. മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനാല്‍ ഹെല്‍ത്ത് ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

 

Tags

Latest News