ജയ്പൂര്‍- രാജസ്ഥാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയില്‍ പങ്കെടുക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'രഥം' വൈദ്യുതിക്കമ്പിയില്‍ തട്ടി തീ പാറി. ഉടന്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണതിനാല്‍ വന്‍ അപകടം ഒഴിവായി.
തലനാരിഴയ്ക്കാണ് ആഭന്തര മന്ത്രി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
നാഗൗറിലാണ് സംഭവം. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാന്‍ ബിദിയാദ് ഗ്രാമത്തില്‍ നിന്ന് അമിത് ഷായുടെ സംഘം പര്‍ബത്സറിലേക്ക് പോകവെയാണ് അപകടം നടന്നത്.
പര്‍ബത്സറില്‍ ഇരുവശങ്ങളിലും കടകളും വീടുകളുമുള്ള പാതയിലൂടെ കടന്നുപോകവെ രഥത്തിന്റെ മുകള്‍ ഭാഗം വൈദ്യുതി ലൈനില്‍ സ്പര്‍ശിക്കുകയായിരുന്നു. ഉടന്‍ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായി മറ്റൊരു വാഹനത്തിലേക്ക് മാറ്റി.
അജ്മീര്‍ ഡിവിഷണല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ 25ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളെ പിന്തുണച്ച് കുചമാന്‍, മക്രാന, നാഗൗര്‍ എന്നിവിടങ്ങളിലെ മൂന്ന് റാലികളെയാണ് അമിത് ഷാ അഭിസംബോധന ചെയ്തത്.