സാവോപോളോ- ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മാറിന്റെ കാമുകിയെയും നവജാത ശിശുവിനെയും ബന്ദിയാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. നെയ്മാറിന്റെ കാമുകി ബ്രൂണ ബിയാൻകാർഡിയുടെ വീട്ടിൽ മൂന്ന് ക്രിമിനലുകൾ അതിക്രമിച്ച് കയറി വീട് കൊള്ളയടിച്ചു. കാമുകിയുടെ അച്ഛനെയും അമ്മയെയും കെട്ടിയിട്ടു. ബ്രസീലിലെ സാവോപോളോയിലെ കോട്ടിയയിലെ വീട്ടിലാണ് സംഭവം. ആക്രമണസമയത്ത് ബ്രൂണയും നവജാതശിശുവും വീട്ടിൽ ഉണ്ടായിരുന്നില്ല. വീട്ടിൽ ചില അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പോലീസിനെ വിളിച്ചപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. ആയുധധാരികളായ മൂന്ന് പേർ വസതിയിൽ പ്രവേശിച്ച് അച്ഛനെയും അമ്മയെയും ബന്ദിയാക്കുകയും പഴ്‌സുകളും വാച്ചുകളും ആഭരണങ്ങളും മോഷ്ടിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാമത്തെ കുറ്റവാളിയെ ഇതിനകം തിരിച്ചറിഞ്ഞു. മൂന്നാമനെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ശ്രമങ്ങൾ നടക്കുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു. അക്രമി സംഘം ബ്രൂണയെയും നവജാത ശിശുവിനെയും അന്വേഷിച്ചാണ് വീട്ടിലെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് സൗദിയിലെ അൽഹിലാൽ സൂപ്പർസ്റ്റാർ കാമുകി ബ്രൂണ ബിയാൻകാർഡിയിൽ തനിക്ക് മകൾ ജനിച്ച വിവരം ലോകത്തെ അറിയിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം പുറംലോകം അധികം അറിഞ്ഞിരുന്നില്ല.