ന്യൂദല്‍ഹി- കഠുവ കൂട്ടമാനഭംഗ കേസില്‍ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു സമരം നയിച്ച താലിബ് ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു എന്ന പരാതിയില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി. ലൈംഗിക പീഡനം, നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തന്നെ കസ്റ്റഡിയില്‍ വെച്ചു പോലീസ് പീഡിപ്പിച്ചുവെന്നാണ് താലിബിന്റെ പരാതി.
താലിബ് ഹുസൈന് വേണ്ടി ബന്ധു സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുകയായിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണു ഹരജി പരിഗണിച്ചത്. സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വശദീകരണം നല്‍കണമെന്നാണ് ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് താലിബിന് വേണ്ടി ഹാജരായി. അതേസമയം, താലിബില്‍നിന്ന് അകന്നു കഴിയുന്ന ഭാര്യ ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുത്തിട്ടുണ്ട്.