ചെന്നൈ- തമിഴ്മക്കളുടെ കണ്ണീർ വീണു നനഞ്ഞ മറീന ബീച്ചിലെ മണൽത്തരികളെ സാക്ഷിനിർത്തി തമിഴ് രാഷ്ട്രീയത്തിലെ അതികായന് ജനസഹസ്രങ്ങളുടെ വിട. ദ്രാവിഡ രാഷ്ട്രീയം ഉഴുതുമറിച്ച തമിഴ് മണ്ണ് മുൻനിര പോരാളിക്ക് നൽകിയത് വികാരനിർഭരമായ യാത്രാമൊഴി. വിവാദങ്ങൾക്കൊടുവിൽ, തന്റെ രാഷ്ട്രീയപാത നിർണയിച്ച അണ്ണാദുരൈയുടെ ശവകുടീരത്തിന് സമീപം തന്നെ കരുണാനിധിയും പോയ്മറഞ്ഞു. തമിഴ് രാഷ്ട്രീയത്തിൽ ഇത് യുഗാന്ത്യം.
പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തിയ സംസ്‌കാരചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷങ്ങൾ എത്തിച്ചേർന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുമടക്കം ദേശീയ നേതാക്കളും പിണറായി വിജയനും മമതാബാനർജിയും ചന്ദ്രബാബു നായിഡുവും അടക്കമുള്ള മുഖ്യമന്ത്രിമാരുമെത്തി.
ഇന്നലെ പകൽ രാജാജി ഹാളിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ദേഹം വൈകിട്ട് നാലുമണിയോടെയാണ് മറീന ബീച്ചിലേക്ക് വിലാപയാത്രയായി കൊണ്ടുപോയത്. മൂന്നു കിലോമീറ്റർ ദൂരം അണ്ണായെ ഒരു നോക്കുകാണാൻ പതിനായിരങ്ങൾ അണിനിരന്നു. കരഞ്ഞും നിലവിളിച്ചും അവർ സങ്കടം തീർത്തു. തിരിച്ചുവരൂ കലൈഞ്ജറേ എന്ന് ആർത്തുവിളിച്ചു. മക്കളായ എം.കെ. സ്റ്റാലിനും അഴഗിരിയും കനിമൊഴിയും സെൽവിയും സഹസ്രവിലാപങ്ങൾ ഏറ്റുവാങ്ങി. കണ്ണീരും സങ്കടവും നിയന്ത്രിക്കാൻ അവർക്കുമായില്ല.
മറീന ബീച്ചിൽ സംസ്‌കാരം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്ന് കലൈഞ്ജറുടെ അന്ത്യയാത്രയും അദ്ദേഹത്തിന്റെ ജീവിതം പോലെ നാടകീയവും വിവാദഭരിതവുമായി. സർക്കാർ ഉത്തരവ് മണിക്കൂറുകൾക്കുള്ളിൽ കോടതി കയറി. ചൊവ്വ രാത്രിയും ഇന്നലെ പകലും തുടർന്ന വാദപ്രതിവാദങ്ങൾ ഇഴകീറി പരിശോധിച്ച് ഒടുവിൽ ഹൈക്കോടതി ഡി.എം.കെക്ക് അനുകൂലമായി വിധിയെഴുതിയതോടെ അണ്ണാസമാധിക്ക് സമീപം തന്നെ കരുണാനിധിക്കും അന്ത്യവിശ്രമ സ്ഥാനമൊരുങ്ങി. ഹൈക്കോടതി വിധിക്കെതിരെ സമർപ്പിക്കപ്പെട്ട ഹരജി സുപ്രീം കോടതി സ്വീകരിച്ചില്ല.
വൈകിട്ട് ഏഴുമണിയോടെ വിവിധ സൈനിക വിഭാഗങ്ങളുടേയും പോലീസിന്റെയും ആചാരവെടികൾക്കിടയിൽ കരുണാനിധിയുടെ മൃതദേഹ പേടകം ശവകുടീരത്തിലേക്കിറക്കി. കലൈഞ്ജർ വാഴ്ക എന്ന മുദ്രാവാക്യം ദിഗന്തങ്ങളെ മുഴക്കി. കണ്ണീരർച്ചനയുമായി ലക്ഷങ്ങൾ മറീനയുടെ ചുറ്റും നിരന്നു.
പ്രിയപ്പെട്ട നേതാവിനെ ഒരുനോക്കുകാണാനുള്ള ജനങ്ങളുടെ തിക്കും തിരക്കും വലിയ ക്രമസമാധാന പ്രശ്‌നമാണ് സൃഷ്ടിച്ചത്. രാജാജി ഹാളിനുമുന്നിൽ തിരക്കിൽപെട്ട് രണ്ടുപേർ മരിച്ചു. 33 പേർക്ക് പരിക്കേറ്റു. ഹാളിനു മുന്നിൽനിന്ന് പോലീസിനെ പിൻവലിച്ചതോടെ എല്ലാ വാതിലുകളിൽക്കൂടിയും ജനം ഇരച്ചുകയറുകയായിരുന്നു.
പോലീസെത്തി ലാത്തിവീശിയാണ് ജനങ്ങളെ അടക്കിയത്. തിരക്ക് നിയന്ത്രിക്കാൻ കേന്ദ്രസേനയെ വിന്യസിച്ചിരുന്നു.