ന്യൂദല്‍ഹി- ഓണ്‍ലൈന്‍ തട്ടിപ്പില്‍ യുവതിക്ക് ഒരുലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. ചണ്ഡീഗഢ് സെക്ടര്‍ 39-ലെ സി.എസ്.ഐ.ആര്‍-ഐ.എം. ടെക്കില്‍ ഗവേഷകയായ 35-കാരിക്കാണ് പണം നഷ്ടമായത്. ഡേറ്റിങ് ആപ്പില്‍ യുകെ ഡോക്ടറാണെന്ന് പരിചയപ്പെടുത്തിയ യുവാവ്, ദല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായെന്ന് പറഞ്ഞാണ് ഗവേഷകയില്‍ നിന്ന് 98,500 രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ ചണ്ഡീഗഢ് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബറില്‍ ഡേറ്റിങ് ആപ്പായ 'ബംബിള്‍' വഴിയാണ് ഗവേഷക യുവാവിനെ പരിചയപ്പെട്ടത്. 'ആയാന്‍ കുമാര്‍ ജോര്‍ജ്' എന്നാണ് പേരെന്നും യു.കെ.യില്‍ ഡോക്ടറാണെന്നുമായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്. തുടര്‍ന്ന് ഇരുവരും വാട്സാപ്പ് വഴിയും ബന്ധം തുടര്‍ന്നു. സെപ്റ്റംബര്‍ 14 മുതലാണ് വാട്സാപ്പ് വഴി ഫോണ്‍ വിളി ആരംഭിച്ചത്. സെപ്റ്റംബര്‍ 28-ന് യുവാവ് പരാതിക്കാരിയെ വാട്സാപ്പില്‍ വിളിച്ചു. യു.കെ.യില്‍നിന്ന് അമ്മയ്ക്കൊപ്പം താന്‍ ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയെന്നാണ് ഇയാള്‍ യുവതിയെ അറിയിച്ചത്. ഇതിനുപിന്നാലെ മറ്റൊരു വാട്സാപ്പ് നമ്പറില്‍നിന്നും യുവതിക്ക് വിളിഎത്തി. കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീയാണ് ഫോണില്‍ സംസാരിച്ചത്. യു.കെ.യില്‍നിന്ന് എത്തിയ ഡോക്ടറുടെ കൈയില്‍ ഒരുലക്ഷം പൗണ്ടുണ്ടെന്നും ഇത് കൈവശംവെക്കാവുന്ന പരിധിയിലധികമാണെന്നും അതിനാല്‍ 68,500 രൂപ അടയ്ക്കണമെന്നും ഇവര്‍ പറഞ്ഞു.എത്രയും വേഗം ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാനും ഇവര്‍ നിര്‍ബന്ധിച്ചു. ഇതോടെ തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടിലേക്ക് യുവതി 68,500 രൂപ കൈമാറി. പിന്നാലെ വീണ്ടും പരാതിക്കാരിക്ക് ഫോണ്‍ വിളിയെത്തി. ഇത്തവണ മറ്റൊരു സ്ത്രീയുടെ ശബ്ദത്തിലായിരുന്നു സംസാരം. യുവാവിന്റെ കൈവശം കൂടുതല്‍ പൗണ്ടുണ്ടെന്നും അതിനാല്‍ മൂന്നുലക്ഷം രൂപ കൂടി കൈമാറണമെന്നുമായിരുന്നു ഇവരുടെ നിര്‍ദേശം. പിന്നാലെ ഫോണ്‍ യുവാവിന് കൈമാറി. എത്രയും വേഗം പണം കൈമാറാന്‍ യുവാവും പരാതിക്കാരിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍, ഒരുലക്ഷം രൂപ മാത്രമേ തനിക്ക് അയക്കാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു പരാതിക്കാരിയുടെ മറുപടി.
68,500 രൂപ കൈമാറിയതിനാല്‍ ബാക്കി 30,000 രൂപ കൂടി യുവതി അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍, പണം കൈമാറിയ ശേഷമാണ് സംഭവം തട്ടിപ്പാണെന്ന് യുവതിക്ക് ബോധ്യപ്പെട്ടത്. ഇതോടെ പോലീസിനെ സമീപിക്കുകയായിരുന്നു.