ഇംഫാല്‍- മണിപ്പൂരില്‍ പലയിടത്തും സംഘര്‍ഷാവസ്ഥ തുടരുന്നു. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ ഇംഫാലില്‍ വീണ്ടും ആയുധം കൊളളയടിക്കാന്‍ ശ്രമം നടന്നിരുന്നു. രാജ്ഭവന് സമീപമുള്ള ഐആര്‍ബി ക്യാംപിലേക്ക് ആള്‍ക്കൂട്ടം ഇരച്ചു കയറി. ജനക്കൂട്ടത്തിന് നേര്‍ക്കുണ്ടായ പൊലീസ് വെടിവെപ്പില്‍ 3 പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ക്യാംങ്പോപി ജില്ലയിലാണ് കുക്കിസംഘടന 48 മണിക്കൂര്‍ ബന്ദ് നടത്തിയത്.
കൂടാതെ മണിപ്പൂരിലെ മൊറേയില്‍ പോലീസുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ചിങ് തം ആനന്ദ് എന്ന പൊലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം. മോറെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറാണ് (എസ് ഡി പി ഒ) ചിങ് തം ആനന്ദ്. അതിര്‍ത്തി പട്ടണത്തില്‍ പുതുതായി നിര്‍മ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പോലീസ് ഓഫീസറുടെ വയറ്റിലൂടെ വെടിയുണ്ട തുളച്ച് കയറുകയായിരുന്നു. പരിക്കേറ്റ എസ് ഡി പി ഒയെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.