റഫ- ഞായറാഴ്ചക്ക് ശേഷം തെക്കന്‍ ഗാസയിലെ റഫ ക്രോസിംഗിലൂടെ 320 വിദേശ പൗരന്മാരെങ്കിലും ഗാസയില്‍നിന്ന് ഈജിപ്തിലേക്ക് പ്രവേശിച്ചതായി ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു. റഫയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിന് നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളില്‍ അതിര്‍ത്തി അടച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും തുറന്നെങ്കിലും പരിമിതമായ എണ്ണം ആളുകളെ മാത്രമേ കടത്തിവിട്ടുള്ളു. ഇന്നലെ ഈജിപ്തിലേക്ക് കടന്നവരില്‍ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ നാല് പേരുമുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ലോകം മുഴുവന്‍ ഗാസയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, വെസ്റ്റ് ബാങ്കില്‍നിന്ന് ഫലസ്തീനികളെ ഇസ്രായില്‍ നിര്‍ബന്ധിതമായി കുടിയൊഴിക്കുകയാണെന്ന് ഫലസ്തീന്‍ അതോറിറ്റി പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ശേഷം വെസ്റ്റ് ബാങ്കിന്റെ കിഴക്കന്‍ ഭാഗത്തുനിന്ന് ആയിരത്തോളം പേരെ കുടിയൊഴിപ്പിച്ചതായി ഫലസ്തീന്‍ അതോറിറ്റി ഉദ്യോഗസ്ഥനായ മുആയദ് ശഅബാന്‍ പറഞ്ഞു.