ഗാസ- പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഇസ്രായില്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) ഗാസ നഗരത്തിന്റെ ഹൃദയഭാഗത്ത് യുദ്ധം ചെയ്യുകയാണെന്ന് ഇസ്രായിലി പ്രതിരോധ സേനയുടെ കമാന്‍ഡിംഗ് ഓഫീസര്‍ മേജര്‍ ജനറല്‍ യാറോണ്‍ ഫിങ്കല്‍മാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇസ്രായില്‍ സേനക്ക് തങ്ങളുടെ പോരാളികള്‍ കനത്ത നാശനഷ്ടം വരുത്തിയതായി ഹമാസിന്റെ സൈനിക വിഭാഗവും അവകാശപ്പെട്ടു. ഇരുപക്ഷത്തിന്റെയും അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
12 ബന്ദികളെ വിട്ടയക്കാന്‍ തങ്ങള്‍ തയാറാണെന്നും എന്നാല്‍ ഇസ്രായിലിന്റെ വ്യോമ-കര ആക്രമണം കൊണ്ട് ഇതിന് സാധിക്കില്ലെന്നും ഹമാസിന്റെ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു. കരയുദ്ധം അതിശക്തമായി മുന്നേറുകയാണെന്ന് ഇസ്രായില്‍ അവകാശപ്പെട്ടു. ഓരോ മണിക്കൂറിലും സൈന്യം തീവ്രവാദികളെ കൊല്ലുകയും തുരങ്കങ്ങള്‍ പിടിക്കുകയും ആയുധങ്ങള്‍ നശിപ്പിക്കുകയും ശത്രു കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറുന്നത് തുടരുകയും ചെയ്യുന്നതായി സൈന്യം പറഞ്ഞു. ഗാസ സിറ്റിയെ പൂര്‍ണമായും വളഞ്ഞ സൈന്യം ഹമാസ് പോരാളികളെ ഉന്മൂലനം ചെയ്യാന്‍ വന്‍ ആക്രമണം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ ഇസ്രായില്‍ സൈന്യം നഗരത്തിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറിയതായി യാതൊരു സൂചനയും ലഭിച്ചില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ചോദ്യത്തിന്, ഗാസ സിറ്റിക്ക് ചുറ്റുമുള്ള ഞങ്ങളുടെ വലയത്തിനുള്ളില്‍നിന്ന് ഞങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ പോകുന്നില്ല എന്നായിരുന്നു കമാന്‍ഡറുടെ മറുപടി.