ജെറുസലം- ഗാസ മുനമ്പില്‍ സുരക്ഷാ ഉത്തരവാദിത്വം അനിശ്ചിതമായി ഇസ്രയില്‍ ഏറ്റെടുക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന. സുരക്ഷാ ഉത്തരവാദിത്വം തങ്ങളുടെ കൈകളിലില്ലെങ്കില്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 7ന് നടന്ന ഹമാസാ ആക്രമണത്തിലെ പ്രതിരോധ പരാജയത്തിന്റെ ഉത്തരവാദിത്വം ഒരു പരിധിവരെ താന്‍ ഏറ്റെടുക്കുന്നുവെന്ന രീതിയില്‍ നെതന്യാഹു അഭിമുഖത്തില്‍ വ്യക്തമാക്കി.
ഹമാസിനെ മാറ്റിസ്ഥാപിക്കാനുള്ള ഒരേയൊരു ശക്തി റാമല്ല ആസ്ഥാനമായുള്ള പാലസ്തീന്‍ അതോറിറ്റിയായിരിക്കുമെന്ന് ഇസ്രായേലിലെ ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ക്ക് അതില്‍ താത്പര്യമില്ല. ഫലസ്തീന്‍ അതോറിറ്റിയുടെ ജനപ്രീതിയെ കുറിച്ചാണ് അവര്‍ സംശയം പ്രകടിപ്പിക്കുന്നത്.
ഇസ്രായേലി സിവിലിയന്‍മാരെ സംരക്ഷിക്കുന്നതിനുള്ള ബഫര്‍ എന്ന നിലയില്‍ ഇസ്രായേല്‍ ഗാസയ്ക്കുള്ളില്‍ സൈനിക സാന്നിധ്യം നിലനിര്‍ത്തേണ്ടതുണ്ടെന്ന് പറഞ്ഞ മറ്റ് ഇസ്രായേലി ഉദ്യോഗസ്ഥരുടെ പ്രസ്താവനകളെ തുടര്‍ന്നാണ് പ്രധാനമന്ത്രി അഭിപ്രായ പ്രകടനം നടത്തിയത്.
ഗാസയില്‍ ബന്ദികളാക്കിയ 240 ഓളം പേരെ ഹമാസ് മോചിപ്പിച്ചാല്‍ വെടിനിര്‍ത്തലിന് സമ്മതിക്കാമെന്ന് നെതന്യാഹു സൂചിപ്പിച്ചു. ബന്ദികളെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് ഇസ്രായേലിന് ചില ഊഹങ്ങള്‍ ഉണ്ടെങ്കിലും കൂടുതല്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രി ത്യ്യാറായില്ല.
മാനുഷിക സഹായങ്ങള്‍ ഗാസയില്‍ പ്രവേശിക്കാനുള്ള യു എസ് ആഹ്വാനത്തോട് താന്‍ യോജിക്കുന്നുവെന്നും ഈ വിഷയത്തില്‍ വാഷിംഗ്ടണുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.