Sorry, you need to enable JavaScript to visit this website.

ദൽഹി വായു മലിനീകരണം; അയൽ സംസ്ഥാനങ്ങൾ ഉത്തരവാദിത്വം നിർവഹിക്കണം-സുപ്രീം കോടതി

ന്യൂദൽഹി-ദൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് സുപ്രിംകോടതിയുടെ വിമർശനം. കർഷകർ വയൽ മാലിന്യങ്ങൾ കത്തിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് രാജസ്ഥാൻ സംസ്ഥാനങ്ങൾക്ക് സുപിം കോടതി നിർദേശം നൽകി. ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യങ്ങളുടെ വിളവെടുപ്പിനുശേഷം വയലുകളിൽ ശേഷിക്കുന്ന വൈക്കോലുകൾ  കർഷകർ കത്തിക്കുന്നതാണ് ദൽഹിയിലെ വായു മലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നതെന്ന് ജസ്റ്റിസുമാരായ എസ്.കെ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. അടുത്ത വിള ഒരുക്കുന്നതിനാണ് വയലുകൾ കത്തിക്കുന്നത്.  വയലുകൾ വൃത്തിയാക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ചെലവുകുറഞ്ഞതുമായ മാർഗമാണിത്.  എന്നാൽ വായുവിന്റെ ഗുണനിലവാരത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്ന് ബഞ്ച് പറഞ്ഞു. ഇതെങ്ങനെ തടയണമെന്ന് അതാത് സംസ്ഥാനങ്ങളാണ്  തീരുമാനിക്കേണ്ടത്. എങ്ങനെയെങ്കിലും തടഞ്ഞേ പറ്റൂവെന്നും സർക്കാറുകളോട് ആവശ്യപ്പെട്ടു. ഇടക്കാല പരിഹാരമെന്ന നിലയിൽ പോലീസ്് സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് ചുമതല നൽകണം. ചീഫ് സെക്രട്ടറിയും ഡി. ജി.പിയും മേൽനോട്ടം വഹിക്കണമെന്നും ബഞ്ച് നിർദേശിച്ചു. നടപടികളുടെ ഭാഗമായി സംസ്ഥാനങ്ങൾ നാളെ(ബുധൻ)യോഗം വിളിക്കണം.
മലിനീകരണ നിയന്ത്രണ സമിതി അധ്യക്ഷൻ ഹാജരാകണം. രാജ്യതലസ്ഥാന നഗരിയിലെ മലിനീകരണത്തിന്റെ കൃത്യമായ വിവരങ്ങളുമായി വെള്ളിയാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാൻ ദൽഹി മലിനീകരണ നിയന്ത്രണ സമിതി അധ്യക്ഷൻ അശ്വനി കുമാറിന്  സുപ്രീംകോടതി നിർദേശം നൽകി. ദൽഹിയിൽ എല്ലാ വർഷവും വായു മിലനീകരണം സംഭവിക്കുന്നതിൽ സമിതി അധ്യക്ഷൻ ഉത്തരം നൽകേണ്ടതുണ്ട്. ദൽഹിയിലെ വായു മലിനീകരണം നേരിടാൻ സർക്കാർ ആവിഷ്‌കരിച്ച ഒറ്റഇരട്ട പദ്ധതി കാര്യമായ  ഫലങ്ങളൊന്നുമില്ലാത്തതാണോ എന്ന് ബഞ്ച് ചോദിച്ചു. മുൻ വർഷങ്ങളിൽ ഇത് എങ്ങനെ പ്രവർത്തിച്ചുവെന്ന്  വിലയിരുത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. മെട്രോ സംവിധാനം ഇല്ലായിരുന്നെങ്കിൽ ദേശീയ തലസ്ഥാന മേഖലയിലെ അന്തരീക്ഷ മലിനീകരണം കൂടുതൽ മോശമാകുമായിരുന്നു. ദൽഹി മുനിസിപ്പാലിറ്റി ശേഖരിച്ച മാലിന്യങ്ങൾ തുറന്ന സ്ഥലത്തിട്ട് കത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ദൽഹി സർക്കാറിനോട് ആവശ്യപ്പെട്ടു. ദൽഹിയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ടാക്‌സികൾ ഓടുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണം. വയൽ മാലിന്യം കത്തിക്കുന്നത് മാത്രമാണ് ദൽഹിയിൽ വായുമലിനീകരണത്തിന് കാരണമാവുന്നതെന്ന് തങ്ങൾ കരുതുന്നില്ലെന്നും ബഞ്ച് പറഞ്ഞു. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദൽഹി സർക്കാർ സ്ഥാപിച്ച പുകമഞ്ഞ് ടവറുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് കേസിലെ അമിക്കസ് ക്യൂറി അപരാജിത സിംഗ സുപ്രിംകോടതിയെ അറിയിച്ചു. ഇക്കാര്യം ന്യായീകരിക്കാനാവാത്തതാണെന്നും ടവറുകൾ നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ദൽഹി സർക്കാറിനോട്  ബഞ്ച്  ആവശ്യപ്പെട്ടു. വയൽ മാലിന്യങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ  സംസ്‌കരിക്കുന്നതിന് വേണ്ടിയാണ് കർഷകർ കത്തിക്കുന്നതെന്ന് പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. ഇത് പരിഹരിക്കുന്നതിനുള്ള യന്ത്രങ്ങൾ വാങ്ങാൻ സബ്‌സിഡി നൽകേണ്ടതുണ്ട്. അൻപതു ശതമാനം തങ്ങൾ വഹിക്കാമെന്നും ശേഷിക്കുന്നവ ദൽഹി സർക്കാർ നൽകുമോയെന്ന് പഞ്ചാബ് സർക്കാർ കോടതിയിൽ ചോദിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം, ഇന്നലെ വായുമലിനീകരണത്തിൽ നേരിയ കുറവുണ്ടായി.
 

Latest News