റിയാദ് - വ്യാജ നോട്ടുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഉപകരണങ്ങൾ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) വ്യാപാരികൾക്കിടയിൽ വിതരണം ചെയ്യുന്നു. സൗദി കറൻസി നോട്ടുകളിലെ സുരക്ഷാ അടയാളങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന കാമ്പയിൻ സാമ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യഥാർഥ നോട്ടുകളും അല്ലാത്തവയും എളുപ്പത്തിൽ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. ഒറിജിനൽ കറൻസി നോട്ടുകൾ തിരിച്ചറിയുന്നതിന് സഹായിക്കുന്ന, അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിറ്റക്ടറുകളും ഫോട്ടോഗ്രാഫിക് പേനകളുമാണ് സാമ വ്യാപാരികൾക്കിടയിൽ വിതരണം ചെയ്യുന്നത്. പരമ്പരാഗത മാർക്കറ്റുകൾ, സീസൺ മാർക്കറ്റുകൾ, വൃദ്ധവ്യാപാരികൾ, സ്ഥാപന ഉടമകൾ എന്നിവർക്കിടയിലാണ് ഈ ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. സൗദി കറൻസി നോട്ടുകളുടെ പ്രത്യേകതകളെയും സുരക്ഷാ അടയാളങ്ങളെയും ഒറിജിനൽ കറൻസി നോട്ടുകളും വ്യാജ നോട്ടുകളും തിരിച്ചറിയുന്നതിനെയും കുറിച്ച അവബോധം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.