ലണ്ടന്‍- യു.കെയില്‍ കൊടുങ്കാറ്റില്‍പ്പെട്ട് കടലില്‍ മുങ്ങിമരിച്ചെന്ന് കരുതിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതാണെന്ന് കോടതി റിപ്പോര്‍ട്ട്. അസ്‌ട്രോ നോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായിരുന്ന ഹൈദരാബാദ് സ്വദേശിനി സായ് തേജസ്വി കുമാരറെഡ്ഡിയാണ് (24) മരിച്ചത്. തേജസ്വി യുകെയിലെ െ്രെബറ്റണിലാണ് കടലിലേക്ക് വീണ് മരിച്ചത്. ഏപ്രില്‍ 11 നാണ് സംഭവം നടന്നത്.
കാറ്റും മഴയും തീരത്ത് ആഞ്ഞടിക്കുന്ന സമയത്ത് തേജസ്വി കടല്‍ത്തീരത്ത് നടക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ കോടതിയില്‍ വ്യക്തമാക്കി. അങ്ങനെ നടക്കുന്നതിനിടയിലാണ് പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ് ആഞ്ഞടിക്കുന്ന തിരമാലകളിലേക്ക് എടുത്തു ചാടിയത്. അരയോളം വെള്ളം കയറിയപ്പോഴേക്കും നിലതെറ്റിവീണ തേജസ്വിയെ പിന്നെ വെള്ളത്തില്‍ ഉയര്‍ന്നു പൊങ്ങുന്നതാണ് കണ്ടത്. കടല്‍ത്തീരത്തിന് സമീപമുള്ള ഒരു ഫ്‌ളാറ്റിലെ മുകളിലത്തെ നിലയില്‍ ജോലി ചെയ്യുന്ന ഒരാളാണ് ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായത്.
റോയല്‍ സസെക്‌സ് കൗണ്ടി ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനുമുമ്പ് തന്നെ അവര്‍ പ്രാഥമിക ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെ വച്ചു തന്നെ തേജസ്വി മരിച്ചിരുന്നു. വെസ്റ്റ് സസെക്‌സിലെ ചിചെസ്റ്ററില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ കുടുംബാംഗങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. തേജസ്വിയുടെ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള ഒരു പ്രതിനിധിയാണ് വീഡിയോ വഴി ഇന്‍ക്വസ്റ്റില്‍ പങ്കെടുത്തത്.
ബെഡ്‌ഫോര്‍ഡിലെ ക്രാന്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായിരുന്നു. ക്രാന്‍ഫീല്‍ഡ് സ്റ്റുഡന്റസ് ഫോര്‍ ദി എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓഫ് സ്‌പേസിന്റെ 2022-23 ലെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.