ഡെട്രോയ്റ്റ്- മിഷിഗനിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് റശീദ താലിബ് യുഎസ് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയാകും. മിഷിഗനിലെ 13-ാം ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന പുതിയ കോണ്‍ഗ്രസ് അംഗത്തെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രൈമറിയില്‍ മറ്റു സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി റശീദ 33.6 ശതമാനം വോട്ടു നേടി മുന്നിലെത്തി കോണ്‍ഗ്രസിലേക്കുള്ള സ്ഥനാര്‍ത്ഥിത്വം ഉറപ്പിച്ചു. രണ്ടാമതെത്തിയ സ്ഥാനാര്‍ത്ഥി ബ്രെന്‍ഡ ജോണ്‍സ് 28.5 ശതമാനം വോട്ട് നേടി. ഡെമോക്രാറ്റുകളുടെ ശക്തി കേന്ദ്രമായ ഇവിടെ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഇതോടെ നവംബര്‍ ആറിന് നടക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പില്‍ റശീദ താലിബ് എതിരില്ലാതെ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടും. ദീര്‍ഘകാലം കോണ്‍ഗ്രസ് അംഗമായ ജോണ്‍ കോന്യേഴ്‌സ് ലൈംഗികാപവാദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.
42കാരിയായ റാശിദ താലിബ് 2009 മുതല്‍ 2014 വരെ മിഷിഗന്‍ സ്റ്റേറ്റ് ജനപ്രതിനിധി സഭയില്‍ അംഗമായിരുന്നു. ഡെട്രോയ്റ്റിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ് റാശിദ. ഫലസ്തീന്‍ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായി 1976ലാണ് റാശിദയുടെ ജനനം. പിതാവ് ഫോര്‍ഡില്‍ ജീവനക്കാരനായിരുന്നു. 2004ല്‍ നിയമ ബിരുദം നേടി. റാശിദയുടെ വിജയം അമേരിക്കയിലെ അറബ് മുസ്ലിം ജനതയുടെ വലിയ വിജയമാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗന്‍-ഡിയര്‍ബോണ്‍ സെന്റര്‍ ഫോര്‍ അറബ് അമേരിക്കന്‍ സ്റ്റഡീസ് ഡയറക്ടര്‍ സാലി ഹോവല്‍ അഭിപ്രായപ്പെട്ടു.
2016-ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊനള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം രാജ്യത്തുടനീളം ഇസ്ലാംഭീതി മുമ്പത്തേക്കാള്‍ വര്‍ധിക്കുകയും കുടിയേറ്റക്കാരോട് ശത്രുത ഏറുകയും ചെയ്ത നിലവിലെ സാഹചര്യത്തിലാണ് കുടിയേറ്റ കുടുംബത്തില്‍ നിന്നുള്ള ഒരു മുസ്ലിം വനിത ആദ്യമായി ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.