പേടകത്തിലെഴുതിയത് കരുണാനിധി മൂന്ന് പതിറ്റാണ്ട് മുമ്പ് മകന്‍ സ്റ്റാലിനോട് പറഞ്ഞ വാക്കുകള്‍
ചെന്നൈ- ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ മുടിചൂടാ മന്നനായിരുന്ന എം. കരുണാനിധിയുടെ മൃതദേഹം അടക്കം ചെയ്ത പേടകത്തിനു മുകളില്‍ എഴുതിയത് മൂന്ന് ദശാബ്ദം മുമ്പ് കരുണാനിധി മകന്‍ സ്റ്റാലിനോട് പറഞ്ഞേല്‍പിച്ച വാക്കുകള്‍. മരം കൊണ്ട് നിര്‍മിച്ചതും സുവര്‍ണ പിടികളുള്ളതുമായ പേടകത്തിലാണ് കലൈഞ്ജറുടെ മൃതദേഹം അടക്കം ചെയ്തിരുന്നത്.
ജീവിതകാലം മുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്തയാള്‍ ഇവിടെ വിശ്രമിക്കുന്നു'- ഇതാണ് തമിഴില്‍ എഴുതിയ ആ വാക്കുകള്‍. അവസാനമായി ഞാനൊന്ന് അപ്പാ എന്ന് വിളിച്ചോട്ടേ? എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ എഴുതിയ കവിതക്കു സമാനമായ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അപ്പായെന്ന് വിളിക്കേണ്ടതിന് പകരം തലൈവരെ എന്നാണ് ഞാന്‍ ഇതുവരെ വിളിച്ചത്. അവസാനമായി ഞാനൊന്ന് അപ്പായെന്ന് വിളിച്ചോട്ടെ, തലൈവരേ..എവിടെയെങ്കിലും പോകുന്നതിനുമുമ്പ് എങ്ങോട്ടാണു പോകുന്നതെന്നു പറഞ്ഞിട്ടല്ലെ പോകാറ്? ഇത്തവണ എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ. 33 വര്‍ഷങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ പറഞ്ഞു, എന്റെ ശവകുടീരത്തില്‍ ഇങ്ങനെ എഴുതണമെന്ന്.. 'ജീവിതകാലം മുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്തയാള്‍ ഇവിടെ വിശ്രമിക്കുന്നു' തമിഴകത്തിനായി ഒഴുക്കിയ വിയര്‍പ്പിലും കഠിനാധ്വാനത്തിലും പൂര്‍ണതൃപ്തനായാണോ നിങ്ങള്‍ മടങ്ങിയത്- സ്റ്റാലിന്‍ ചോദിച്ചു.
അച്ഛന്റെ മരണം സ്ഥിരീകരിച്ച ശേഷമാണ് സ്റ്റാലിന്‍ വികാരനിര്‍ഭരമായ ഈ കത്തെഴുതിയത്.
ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കരുണാനിധിയെ ശുശ്രൂഷിക്കുന്നതില്‍ വ്യാപൃതനായിരുന്നു സ്റ്റാലിന്‍. പനിയും അണുബാധയും മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്നു കരുണാനിധി. അരനൂറ്റാണ്ട് രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യമുള്ള സ്റ്റാലിന്‍ നിലവില്‍ ഡി.എം.കെയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ്. സ്റ്റാലിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചാണ് കരുണാനിധി വിടവാങ്ങിയത്.