ജറൂസലം- കിഴക്കന്‍ ജറൂസലമില്‍ സൈനിക ഉദ്യോഗസ്ഥയെ കുത്തി പരിക്കേല്‍പിച്ചയാളെ വെടിവെച്ചുകൊന്നതായി ഇസ്രായില്‍ പോലീസ് അറിയിച്ചു.
ഭീകരന്‍ കത്തിയുമായി ഷാലേം പോലീസ് സ്‌റ്റേഷനിലെത്തി സൈനികയെ കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. ഭീകരനെ അതിര്‍ത്തി പോലീസ് സേന വെടിവെച്ച് കൊന്നതായി പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണത്തില്‍ ഒരു വനിതാ സൈനിക ഉദ്യോഗസ്ഥക്ക് ഗുരുതരമായി പരിക്കേറ്റതായും മറ്റൊരാള്‍ക്ക് നിസാര പരിക്കേറ്റതായും പോലീസ് പറഞ്ഞു. അക്രമി ആരാണെന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ പോലീസ് നല്‍കിയിട്ടില്ല.
പരിക്കേറ്റ 20 വയസ്സായ രണ്ടു പേര്‍ക്കും വൈദ്യസഹായം നല്‍കിയതായി ഇസ്രായില്‍ എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു.ഗാസയില്‍ ഇസ്രായില്‍ സൈനിക ആക്രമണം ശക്തമാക്കുന്നതിനിടെ പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട ഏറ്റവും പുതിയ അക്രമ സംഭവമാണിത്.
ഒക്ടോബര്‍ 30 ന് കിഴക്കന്‍ ജറൂസലമില്‍ ഇസ്രായില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തി ഗുരുതരമായി പരിക്കേല്‍പിച്ച ഫലസ്തീനിയെ പോലീസ് വെടിവെച്ചുകൊന്നിരുന്നു.
ഒക്‌ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായില്‍ സൈന്യം ഗാസയില്‍ നരവേട്ട തുടരുകയാണ്. ഗാസ മുനമ്പില്‍ നിരന്തരം ബോംബാക്രമണം നടത്തുന്ന ഇസ്രായില്‍ കരസനയെ അയക്കുകയും ചെയ്തു. 9,770 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തുന്നത്. ഇവരില്‍ മൂന്നില്‍ രണ്ടും സ്ത്രീകളും കുട്ടികളുമാണ്.