ചെന്നൈ- അരനൂറ്റാണ്ടിലേറെ കാലം തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിലെ ഉദയ സൂര്യനായി ജ്വലിച്ചു നിന്ന കലൈജ്ഞര്‍ മുത്തുവേല്‍ കരുണാനിധിയുടെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മറീന ബീച്ചിലെ അണ്ണാ സമാധിക്കു സമീപം സംസ്‌കരിച്ചു. രാജാജി ഹാളില്‍ നിന്നും പതിനായിരക്കണക്കിന് അണികളുടെ അകമ്പടിയോടെയാണ് കരുണാനിധിയുടെ അന്ത്യയാത്ര മറീനയിലെത്തിയത്. വഴിയിലുടനീളം ആയിരക്കണക്കിനാളുകള്‍ കാത്തുനിന്നിരുന്നു. മറീനയില്‍ മുന്‍ മുഖ്യമന്ത്രിയുടെ തന്റെ രാഷ്ട്രീയ ഗുരുവുമായ സി.എന്‍ അണ്ണാദുരൈയുടെ കുടീരത്തിനു സമീപത്താണ് കരുണാനിധിയുടെ അന്ത്യവിശ്രമം. സര്‍ക്കാര്‍ ഇവിടെ സ്ഥലം അനുവദിക്കാത്തിനെ തുടര്‍ന്ന് നിയമ പോരാട്ടത്തിനൊടുവിലാണ് ഈയിടം ഡി.എം.കെ നേടിയെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അന്തിമോപചാരമര്‍പ്പിക്കാന്‍ ചെന്നൈയിലെത്തിയിരുന്നു.