ചെന്നൈ - തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നടത്തിയ ഹിന്ദു സനാതന ധര്‍മ്മ പരാമര്‍ശം വിദ്വേഷം ജനിപ്പിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി. വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കായിക മന്ത്രി ഉദയനിധി സ്റ്റാലിനും ഹിന്ദുമതജീവകാരുണ്യ വകുപ്പു മന്ത്രി പി കെ ശേഖര്‍ബാബുവിനും എതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പോലീസിനോട് ഹൈക്കോടതി ചോദിച്ചു. പോലീസ് കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച്ച വരുത്തിയെന്നും പോലീസും ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ജയചന്ദ്രന്‍പറഞ്ഞു. ഈ വര്‍ഷം സെപ്തംബര്‍ രണ്ടിന് ചെന്നൈയില്‍ നടന്ന സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ ഉന്മൂലന ഉന്മൂലനം ചെയ്യണമെന്ന് പരാമര്‍ശിച്ചത്. ചെന്നൈ തിരുവേര്‍കാട് സ്വദേശി മഗേഷ് കാര്‍ത്തികേയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അധികാരത്തിലിരിക്കുന്ന ഒരാള്‍ സംസാരത്തിന്റെ അപകടം തിരിച്ചറിയുകയും ഉത്തരവാദിത്തത്തോടെ പെരുമാറുകയും പ്രത്യയശാസ്ത്രത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് സ്വയം നിയന്ത്രിക്കുകയും വേണമെന്ന് കോടതി പറഞ്ഞു.