ചെന്നൈ- കലൈജ്ഞര്‍ എം. കരുണാനിധിയുടെ ഭൗതികദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര വൈകുന്നേരം നാലു മണിയോടെ രാജാജി ഹാളില്‍ നിന്നു പുറപ്പെട്ടു. തുറന്ന വാഹനത്തില്‍ ചില്ലുപെട്ടിയില്‍ ത്രിവര്‍ണ പതാക പുതപ്പിച്ച് സൈനിക അകമ്പടിയിലാണ് വിലാപ യാത്ര. മകന്‍ എം.കെ സ്റ്റാലിന്‍, മകള്‍ കനിമൊഴി അടക്കമുള്ള കുടുംബാംഗങ്ങള്‍ കാറില്‍ അനുഗമിക്കുന്നു. മറീനാ ബീച്ചിലെ അണ്ണാ മെമോറിയലിനു സമീപം വൈകുന്നേരം ആറു മണിക്കാണ് സംസ്‌കാരം. വഴിയോരങ്ങളില്‍ ആയിരങ്ങളാണ് അന്തിമോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ തിങ്ങിക്കൂടിയിരിക്കുന്നത്. പാര്‍ട്ടി പതാകകള്‍ വീശിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും അണികളുമുണ്ട്. അണ്ണാ സാലൈയിലേക്ക് പ്രവേശിച്ചതോടെ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ പുഷ്പാര്‍ച്ചനകള്‍ നടത്തി.
മറീനാ ബീച്ചിലെ അണ്ണാ സമാധിയില്‍ ഡി.എം.കെ താത്വികാചാര്യന്‍ സി.എന്‍ അണ്ണാദുരൈയുടെ കുടീരത്തിനു സമീപമാണ് കരുണാനിധിയെ അടക്കം ചെയ്യുക. ഇവിടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഡി.എം.കെ നേതാക്കളുടെ മേല്‍നോട്ടത്തിലാണ് ഇവിടെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. കലൈജ്ഞറുടെ ബദ്ധവൈരിയായ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൂടീരവും തൊട്ടടുത്താണ്. നേരത്തെ ഇവിടെ കരുണാനിധിയെ അടക്കം ചെയ്യുന്നത് സര്‍ക്കാര്‍ തടഞ്ഞത് വിവാദമായിരുന്നു. ഹൈക്കോടതിയാണ് ഒടുവില്‍ അനുമതി നല്‍കിയത്.