ചെന്നൈ- അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ അവസാനമായി ഒരു നോക്കു കാണാനെത്തിയ ആയിരങ്ങള്‍ രാജാജി ഹാളിലേക്ക് തള്ളിക്കയറിയതോടെ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് രണ്ടു പേര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. രാജാജി ഹാളിനു മുന്നില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പോലീസിനെ പിന്‍വലിച്ചതോടെയാണ് ഡി.എം.കെ പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്. ഇരമ്പിയെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസ് ലാത്തിവീശയതോടെ വലിയ തിക്കും തിരക്കുമുണ്ടായി. ഇതിനിടയില്‍പ്പെട്ടാണ് രണ്ടു പേര്‍ മരിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് വന്‍തോതില്‍ ആളുകള്‍ ബാരിക്കേഡ് തള്ളി മറിച്ചും മറ്റു വഴികളിലൂടെയും തള്ളിക്കയറിയത്. ഓടിയെത്തിയ ജനക്കൂട്ടം മൃതദേഹത്തിനടുത്തേക്ക് നീങ്ങിയതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്ന ആക്ഷേപം പലകോണുകളില്‍ നിന്നും ഉയര്‍ന്നു. അധികാരത്തിലിരിക്കുന്നവര്‍ ചടങ്ങുകള്‍ അലങ്കോലമാക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ പാര്‍ട്ടി അണികള്‍ കരുത്ത് കാണിച്ചുവെന്നും കരുണാനിധിയുടെ മകനും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ പറഞ്ഞു. എല്ലാവരും സമാധാനം പാലിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജാജി ഹാളിനു പുറത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.