ഭോപാല്‍-മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുന്നോടിയായുള്ള പരിശീലനത്തിന് വരാത്തതിന് വിചിത്രമായ കാരണം പറഞ്ഞ് അധ്യാപകന്‍. ഏതായാലും കാരണം കേട്ടയുടനെ ഇയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. 'എന്റെ രാത്രികളെല്ലാം ഞാന്‍ വെറുതെ പാഴാക്കുകയാണ്. ആദ്യം എനിക്കൊരു വധുവിനെ കണ്ടു പിടിച്ചുതരൂ' എന്നാണ് അധ്യാപകന്‍ തനിക്ക് കിട്ടിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയത്.
മധ്യപ്രദേശിലെ അമര്‍പതാനിലെ ഒരു സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ് അഖിലേഷ് കുമാര്‍ മിശ്രയെന്ന 35 -കാരന്‍. അഖിലേഷ് കുമാറാണ് താന്‍ പരിശീലനത്തിനൊക്കെ പങ്കെടുക്കാം അതിന് മുമ്പ് അധികൃതര്‍ തനിക്ക് ഒരു വധുവിനെ കണ്ടെത്തി തരൂ എന്നും പറഞ്ഞ് ഭരണകൂടത്തിന് എഴുതിയത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അഖിലേഷ് കുമാറിനും മറ്റ് അധ്യാപകര്‍ക്കും ഒക്ടോബര്‍ 16-17 തീയതികളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പരിശീലനം ഉണ്ടായിരുന്നു. എന്നാല്‍, അഖിലേഷ് അതില്‍ പങ്കെടുത്തില്ല. പങ്കെടുക്കാത്തതിന്റെ കാരണം ചോദിച്ചപ്പോഴാണ് അധ്യാപകന്‍ വിചിത്രമായ മറുപടി നല്‍കിയത്. ദേശീയ പ്രാധാന്യമുള്ള ഒരു ജോലിയില്‍ അശ്രദ്ധ കാണിച്ചത് എങ്ങനെയാണ്, അതിന്റെ കാരണം വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ സസ്പെന്‍ഡ് ചെയ്യുമെന്നും കാണിച്ചുകൊണ്ട് ഒക്ടോബര്‍ 27 -ന് അഖിലേഷ് കുമാറിന് ഒരു കാരണം കാണിക്കല്‍ നോട്ടീസും കിട്ടി. ഒക്ടോബര്‍ 31 -നായിരുന്നു അഖിലേഷ് ഇതിന് മറുപടി എഴുതിയത്.
മറുപടിയുടെ തലക്കെട്ട് തന്നെ 'പോയിന്റ് ടു പോയിന്റ് റിപ്ലൈ' എന്നായിരുന്നു. അതില്‍ ആദ്യത്തെ പോയിന്റ് ഇതായിരുന്നു: 'എന്റെ ജീവിതം മുഴുവന്‍ ഒരു ഭാര്യയില്ലാതെ പോവുകയാണ്. എന്റെ രാത്രികളെല്ലാം പാഴ് രാത്രികളാണ്. ആദ്യം എന്നെ വിവാഹം കഴിപ്പിക്കൂ'. പിന്നീടുള്ള പോയിന്റുകളില്‍ തനിക്ക് സ്ത്രീധനമായി 3.5 ലക്ഷം രൂപ വേണമെന്നും സംദാരിയയില്‍ ഒരു ഫ്ളാറ്റിന് വേണ്ടിയുള്ള തുക അനുവദിക്കണമെന്നും പറയുന്നു. ഏതായാലും മറുപടി കിട്ടി അധികം വൈകാതെ തന്നെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.
അഖിലേഷ് കുമാറിന്റെ സഹപ്രവര്‍ത്തകന്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് കാലമായി അഖിലേഷ് കടുത്ത മാനസിക പ്രയാസത്തിലാണ്. അല്ലാതെ ആരെങ്കിലും ഇങ്ങനെ ഒരു മറുപടി അധികൃതര്‍ക്ക് നല്‍കുമോ എന്നാണ്. ഒരു വര്‍ഷമായി അഖിലേഷ് ഫോണും ഉപയോഗിക്കുന്നില്ല.