ജറുസലം- ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായില്‍. യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും കടുത്ത ആക്രമണമാണ് ഇന്നലെ നടത്തിയത്. ഗാസയെ വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്ന് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടു. ഗാസ സിറ്റിയെ സൈന്യം പൂര്‍ണമായും വളഞ്ഞെന്നും ഇസ്രായില്‍ സൈനിക മേധാവി അവകാശപ്പെട്ടു.
അതിനിടെ, ഗാസയില്‍ ടെലഫോണ്‍- ഇന്റര്‍നെറ്റ് സേവനങ്ങള്‍ മൂന്നാം തവണയും നിലച്ചു. യുദ്ധത്തില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 9770 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ നാലായിരത്തില്‍ അധികം പേര്‍ കുട്ടികളാണ്. ലബനോനില്‍ ഇസ്രായില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍നാല് പേര്‍ കൊല്ലപ്പെട്ടു. അതേസമയം പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് അമേരിക്ക ശ്രമം തുടരുന്നു. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ് പിറകെ സിഐഎ ഡയറക്ടര്‍ വില്യം ബേര്‍ണ്‍സും ഇസ്രായലിലെത്തി. പശ്ചിമേഷ്യന്‍ സന്ദര്‍ശനം തുടരുന്ന ബ്ലിങ്കന്‍ ഇന്ന് തുര്‍ക്കി നേതൃത്വവുമായി ചര്‍ച്ച നടത്തും.
ഗാസയില്‍ സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്നത് കണക്കിലെടുത്ത് ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ലോകരാജ്യങ്ങള്‍ സമ്മര്‍ദ്ദം തുടരുകയാണ്. എന്നാല്‍ ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. വിജയം നേടുന്നതു വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.