ജിദ്ദ- സൗദിയിൽ നിക്ഷേപകർക്കായുള്ള സന്ദർശക വിസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും അനുവദിക്കാനും നടപടി ക്രമങ്ങൾ ലഘൂകരിക്കാനും തീരുമാനം. നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന നിക്ഷേപക വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും ഇനി മുതൽ ലഭ്യമാകും. വിദേശകാര്യവകുപ്പും നിക്ഷേപ മന്ത്രാലയവും കൈ കോർത്താണ് പുതിയ സംരംഭം. ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഉടനടി ബിസിനസ് വിസിറ്റ് വിസ അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. രാജ്യത്തെ നിക്ഷേപ അവസരങ്ങൾ അവലോകനം ചെയ്യുന്നതിന് നിക്ഷേപകരുടെ യാത്ര സുഗമമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അപേക്ഷ പ്രോസസ്സ് ചെയ്യുകയും ഓൺലൈനിൽനിന്ന് വിസ ഉടൻ നൽകുകയും നിക്ഷേപകന് ഇമെയിൽ വഴി അയയ്ക്കുകയും ചെയ്യും.
വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോം വഴി ലളിതവും എളുപ്പവുമായ രീതിയിലാണ് വിസ ലഭിക്കുക. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗദിയെ ആകർഷകമായ ഒരു മുൻനിര നിക്ഷേപ ശക്തിയാക്കി മാറ്റുന്നതിന് ഇതുവഴി സഹചര്യമൊരുങ്ങുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.