ന്യൂദല്‍ഹി- തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രക്കെതിരെയുള്ള പരാതിയില്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന മഹുവ മൊയ്ത്രക്കെതിരെയുള്ള പരാതിയിലെ അന്വേഷണ റിപോര്‍ട്ടിന്റെ കരടിന് ഈ യോഗത്തില്‍ അംഗീകാരം നല്‍കുമെന്നാണ് സമിതിയിലെ ബി.ജെ.പി അംഗങ്ങള്‍ വ്യക്തമാക്കുന്നത്. മഹുവ മൊയ്ത്രക്കെതിരെ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും റിപോര്‍ട്ടിന് അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗംചേരുന്നതെന്നും അവര്‍ വ്യക്തമാക്കി.
റിപോര്‍ട്ടില്‍ മഹുവ മൊയ്ത്രക്കെതിരെ നടപടി നിര്‍ദേശിക്കുമെന്നാണ് പുറത്ത് വരുന്നത്. 15 അംഗ കമ്മിറ്റിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ളതിനാല്‍ അനിശ്ചിതകാല സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ മഹുവ മൊയ്ത്ര പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ വിഷയത്തില്‍ ഉന്നയിച്ച കടുത്ത വിയോജിപ്പും റിപോര്‍ട്ടില്‍ രേഖപ്പെടുത്തും. കരട് റിപോര്‍ട്ടിന് അംഗീകാരം നല്‍കിയാല്‍ ബി.ജെ.പി എം.പി വിനോദ് കുമാര്‍ സോന്‍കാര്‍ അധ്യക്ഷനായ സമിതി റിപോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് കൈമാറും.
ഈ മാസം രണ്ടിന് മഹുവ മൊയ്ത്ര സമിതിക്ക് മുമ്പാകെ ഹാജരാകുകയും സമിതി ചെയര്‍മാന്റെ ചോദ്യം ചെയ്യല്‍ രീതിയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. സമിതി ചെയര്‍മാന്‍ വൃത്തികെട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ചാണ് ഇറങ്ങിപ്പോയത്. യോഗത്തില്‍ സമിതിയിലെ പ്രതിപക്ഷ അംഗങ്ങളും മഹുവ മൊയ്ത്രക്കൊപ്പം പാര്‍ലിമെന്ററി സമിതി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നിരുന്നു. മഹുവ മൊയ്ത്രയുടെ മുന്‍ പങ്കാളിയായ സുപ്രീംകോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദേഹാദ്‌റായിയാണ് ആരോപണം ഉന്നയിച്ചിരുന്നത്. ഇത് ഉയര്‍ത്തിക്കാട്ടി ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ലോക്‌സഭ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പങ്കാളിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതാണ് ആരോപണത്തിന് കാരണമെന്നാണ് മഹുവ മൊയ്ത്ര പറയുന്നത്. വിനോദ് കുമാര്‍ സോന്‍കാര്‍ തന്നോട് തരംതാഴ്ന്ന ചോദ്യങ്ങള്‍ ചോദിച്ചതായി മഹുവ ഇന്നലേയും ആവര്‍ത്തിച്ചു. കള്ളക്കഥയുണ്ടാക്കി ഒരു വനിതാ അംഗത്തെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാനാണ് ബി.ജെ.പി ശ്രമമെന്നും അവര്‍ ആരോപിച്ചു.