Sorry, you need to enable JavaScript to visit this website.

'സർക്കാർ കണ്ണട'; ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ മൈക്ക് ഓഫാക്കി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം - കണ്ണട വാങ്ങാൻ സർക്കാർ 30500 രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ആവർത്തിച്ചപ്പോൾ മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പിന്നീട് മാധ്യമപ്രവർത്തകർ കൂടുതൽ ചോദ്യങ്ങൾ ഉയർത്തിയതോടെ വാർത്താസമ്മേളനത്തിൽ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.
  കുടിശ്ശികയായ ക്ഷേമപെൻഷനുകൾ ഉൾപ്പടെ നൽകാൻ സാമ്പത്തിക പ്രതിസന്ധിമൂലം സർക്കാർ ഏറെ ബുദ്ധിമുട്ടുമ്പോൾ കണ്ണട വാങ്ങാൻ ചെലവായ കാശ് സർക്കാർ ചെലവിൽ എഴുതിയെടുത്തതിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും രൂക്ഷ വിമർശം ഉയർന്നിരുന്നു. 
 കഴിഞ്ഞ ഏപ്രിലിലാണ് മന്ത്രി ആർ ബിന്ദു കണ്ണട വാങ്ങിയത്. അപ്പോൾത്തന്നെ ബില്ല് സഹിതം പണം അനുവദിക്കാൻ പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയെങ്കിലും പണം ലഭിച്ചിരുന്നില്ല. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടശേഷമാണ് പണം അനുവദിക്കുന്നത് വേഗത്തിലായതെന്നാണ് റിപോർട്ട്.
 ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും മന്ത്രി കെ.കെ ശൈലജയുടെയും സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെയും കണ്ണട വാങ്ങൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സർക്കാർ ആനുകൂല്യം ഉപയോഗിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ 49,900 രൂപയുടെ കണ്ണട വാങ്ങിയപ്പോൾ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ 29000 രൂപ ചെലവാക്കിയിരുന്നു.

Latest News