ടെല്‍ അവീവ്- ബന്ദികളെ തിരിച്ചയക്കാതെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് തെക്കന്‍ ഇസ്രായേലിലെ റാമോണ്‍ എയര്‍ബേസില്‍ പൈലറ്റുമാരെ അഭിസംബോധന ചെയ്യവെ നെതന്യാഹു പറഞ്ഞു. 'ഞങ്ങളുടെ ശത്രുക്കളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ ഇത് പറയുന്നു: അവരെ തോല്‍പ്പിക്കുന്നതുവരെ ഞങ്ങള്‍ തുടരും.'
ആംബുലന്‍സുകള്‍ക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തെത്തുടര്‍ന്ന് ശനിയാഴ്ച മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച റഫാ ക്രോസിംഗ് വഴിയുള്ള ഒഴിപ്പിക്കല്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഈജിപ്ഷ്യന്‍, യു.എസ്, ഖത്തര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈജിപ്തിലെ സിനായ് ഉപദ്വീപിലേക്കുള്ള റഫ ക്രോസിംഗ് ആണ് ഗാസയില്‍നിന്ന് ഇസ്രായില്‍ നിയന്ത്രണമില്ലാത്ത ഏക വഴി. ദുരിതാശ്വാസ ട്രക്കുകള്‍ക്ക് ഇപ്പോഴും ഗാസയിലേക്ക് പോകാനായതായി ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
അന്താരാഷ്ട്ര ഉടമ്പടി പ്രകാരം ബുധനാഴ്ചയാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്. 300 ലധികം അമേരിക്കക്കാര്‍ ഗാസ വിട്ടു, എന്നാല്‍ ചിലര്‍ ഇപ്പോഴും അവശേഷിക്കുന്നു- ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥന്‍ ഫൈനര്‍ പറഞ്ഞു.