റിയാദ്- സൗദി അറേബ്യയിൽ മാധ്യമ മേഖലയിൽ വിവിധ നിയമലംഘനങ്ങളുടെ പിഴകൾ പുതുക്കി നിശ്ചയിക്കുന്നതിനെ കുറിച്ച് പൊതുജനാഭിപ്രായം ശേഖരിക്കാൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമാവലി വാർത്താവിനിമയ മന്ത്രാലയം ഇസ്ത്തിത്ലാഅ് പോർട്ടലിൽ പ്രസിദ്ധീകരിച്ചു. മതനിന്ദയോ രാഷ്ട്രത്തിന്റെ പരമപ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ടതോ ആയ കേസുകളുടെ ശിക്ഷകൾ ഒഴികെയുള്ളവയുടെ ഫൈനുകളാണ് വ്യക്തമാക്കിയിരിക്കുന്നത്. അത്തരം കേസുകളിൽ പ്രധാനമന്ത്രി നേരിട്ട് നടപടി സീകരിക്കുകയോ കോർട്ടിലേക്കു റഫർ ചെയ്യുകയോ ചെയ്യുന്നതായിരിക്കും. ഇതിനായി അനുബന്ധ ഉദ്യോഗസ്ഥർ ഫയലുകൾ വകുപ്പു മന്ത്രിക്കു റഫർ ചെയ്യണം. രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന വിവിധയിനം മാറ്ററുകളുടെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുകയും നിയമലംഘനങ്ങൾക്ക്, പ്രത്യേകിച്ചും മത നിന്ദകേസുകളും രാജാവിനും പ്രധാനമന്ത്രിക്കുമെതിരിലുള്ള ഉള്ളടക്കങ്ങളുടെ കാര്യത്തിലും കർശന ശിക്ഷ തന്നെ നൽകുകയും ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെടുന്നുണ്ട്. പൊതു സുരക്ഷക്കു ഭീഷണിയാകുന്നതോ സാമൂഹിക മര്യാദ ലംഘിക്കുന്നതോ പൊതുജനങ്ങളെ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതോ ഭീകരവാദവും തീവ്ര ചിന്തയും പ്രോത്സാഹിപ്പിക്കുന്നതോ മയക്കുമരുന്നോ ലഹരി വസ്തുക്കളോ ഉപയോഗിക്കുന്നത് നല്ല കാര്യമായി ചിത്രീകരിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ പ്രചരിക്കാതെ തടയാനാവശ്യമായ നടപടികൾ സ്വീകരിക്കണം. സൗദിയുടെ അറബ് മുസ്ലിം സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധത്തെ ഉലക്കുന്ന തരത്തിലുള്ള മാറ്ററുകളും രാജ്യത്തു പ്രചരിക്കാതെ തടയണം. പൗരന്മാരുടെ അഭിമാനത്തിനു ക്ഷതമേൽപ്പിക്കുന്നതോ സ്വത്തും സമ്പത്തും കയ്യേറ്റം ചെയ്യപ്പെടുന്ന തരത്തിലോ വിവിധ ഗോത്ര വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്നതോ രാജ്യത്തെ വിദേശ താമസക്കാർക്കിടയിലോ സ്വദേശികൾക്കിടയിലോ വെറുപ്പു പ്രചരിപ്പിക്കുന്നതോ ആയ മാറ്ററുകൾ നിരീക്ഷിക്കുകയും തടയുകയും വേണം. മുൻകൂട്ടി അനുമതി നേടാതെ കേസുകളുടെ വിചാരണകളും നടപടിക്രമങ്ങളും പ്രസിദ്ധീകരിക്കാൻ പാടില്ല. ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്നതും കൃത്യമായ രേഖകളും തെളിവുകളുമില്ലാത്ത വാർത്തകളും ആരോപണങ്ങളും പ്രസിദ്ധീകരിക്കുന്നതുമെല്ലാം നിയമലംഘനമായി ഗണിക്കുന്നതായിരിക്കും.
നിയമ ലംഘകർക്ക് മുന്നറിയിപ്പു നൽകുകയോ ഒരുകോടി റിയാൽ വരെ പിഴ ചുമത്തുകയോ ചെയ്യുകയും ആറുമാസം വരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുൾ ഉൾപ്പെടെയുള്ളവയിൽനിന്നെല്ലാം വിലക്കേർപ്പെടുത്തുകയും ചെയ്യും. കേസുകളുടെ ഗൗരവമനുസരിച്ച് നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ ആറുമാസം വരെ പിൻവലിക്കുകയോ ചെയ്യുക, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുക തുടങ്ങിയവയും നിർദേശങ്ങളിലുണ്ട്. നിയമ ലംഘകരെ സ്വന്തം ചെലവിൽ മീഡിയാ നിയമാവലികൾ പഠിക്കുന്ന പരിശീലന കോഴ്സിൽ പങ്കെടുക്കുന്നതിനു നിർബന്ധിക്കാൻ റഗുലേഷൻ അതോറിറ്റി നിശ്ചയിക്കുന്ന സമിതിക്ക് അവകാശമുണ്ടായിരിക്കും.
രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട മീഡിയ ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും അവകാശമുണ്ടായിരിക്കും. ആഭ്യന്തര രംഗത്തു പ്രവർത്തിക്കുന്ന മീഡിയാ ഉള്ളടക്കങ്ങളുടെ ഗുണമേന്മയും നിലവാരവും ഉയർത്തുന്നതിനും ഈ മേഖലയിൽ നിക്ഷേപകരെ ആകർഷിക്കുന്നതിനും വിവിധയിനം നിർദേശങ്ങൾ റഗുലേഷൻ അതോറിറ്റി സമർപ്പിച്ചിട്ടുണ്ട്.