ചെന്നൈ- അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെ വാദം തള്ളി ചെന്നൈ മറീന ബീച്ചില്‍ തന്നെ കരുണാനിധിക്ക് അന്ത്യവിശ്രമ സ്ഥലം അനുവദിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് കേട്ട് മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന്‍ പൊട്ടിക്കരഞ്ഞു. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച കരുണാനിധിയുടെ ഭൗതികദേഹത്തിനു സമീപമാണ് വികാരനിര്‍ഭര രംഗങ്ങള്‍ക്കു വേദിയായത്. പാര്‍ട്ടി നേതാക്കള്‍ സ്റ്റാലിനെ സമാശ്വസിപ്പിച്ചു. എ.രാജ സ്റ്റാലിനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു. രാജാജി ഹാള്‍ പരിസരത്തെത്തിയ ആയിരക്കണക്കിന് പാര്‍ട്ടി അണികളെ കൈകൂപ്പ് അഭിവാദ്യം ചെയ്ത ശേഷമാണ് സ്റ്റാലിന്‍ പൊട്ടിക്കരഞ്ഞത്. പൊതുവെ പരസ്യമായി വികാരപ്രകടനങ്ങള്‍ നടത്താത്ത സ്റ്റാലിന്റെ പൊട്ടിക്കരച്ചില്‍ നേതാക്കളേയും ഈറനണിയിച്ചു.