ന്യൂദൽഹി- ദൽഹിയിലെ വായു ഗുണനിലവാരം ലോകാരോഗ്യ സംഘടന നിശ്ചയിച്ച മലിനീകരണ തോതിനേക്കാൾ ഏകദേശം നൂറ് മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ട്. ദൽഹിയിലെ പി എം 2.5 സാന്ദ്രത ലോകാരോഗ്യ സംഘടന നിശ്ചയിച്ച വായു ഗുണനിലവാര മാർഗ്ഗനിർദ്ദേശ മൂല്യത്തിന്റെ 96.2 ഇരട്ടിയാണ്. വായുവിൽ തങ്ങി നിൽക്കുന്ന ഖര, ദ്രാവക കണികളുടെ മിശ്രിതമാണ് പി.എം 2.5 എന്നത്. സാധാരണയായി 2.5 മൈക്രോമീറ്റർ മുതൽ 10 മൈക്രോ മീറ്റർ വരെ വ്യാസമുള്ളവയാണിവ. സാധാരണയായി ഗണ്യമായ അനുപാതത്തിൽ കാണപ്പെടുന്ന ഇവ അന്തരീക്ഷത്തിൽ വർധിച്ചാൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ദൽഹിയിലും പരിസരങ്ങളിലും 10 മൈക്രോ മീറ്റർ വരെയുള്ളവയാണ് കൂടുതലായി കാണുന്നത്. ദൽഹിയിലെ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുത വിഭാഗത്തിൽ പ്രവേശിച്ചതോടെ രാജ്യത്തെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരമായി ദൽഹി മാറിയിട്ടുണ്ട് രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 500 മുകളിൽ പല സ്ഥലങ്ങളിലും രേഖപ്പെടുത്തി. ദൽഹിയിലെ വസീർപൂർ മോണിറ്ററിംഗ് സ്‌റ്റേഷനിലാണ് ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയത്. ഇവിടെ എക്യുഐ ലെവൽ 859 ആണ് റിപോർട്ട് ചെയ്തത്.