ന്യൂദല്‍ഹി - ദല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി. ദല്‍ഹി നഗരത്തിലെ വായു ഗുണനിലവാര സൂചിക ഇന്നലെ രാവിലെ 460 രേഖപ്പെടുത്തി. ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണിത്. നഗരത്തില്‍ ആകെ പുകമഞ്ഞ് രൂപപ്പെട്ടിട്ടുണ്ട്. സ്ഥിതി കണക്കിലെടുത്ത് എല്ലാ പ്രൈമറി സ്‌കൂളുകളും ഈ മാസം 10 വരെ അടച്ചിടാന്‍ ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.
ദല്‍ഹിയിലെ വായു ഗുണനിലവാരം ലോകാരോഗ്യ സംഘടന നിശ്ചയിച്ച മലിനീകരണ തോതിനേക്കാള്‍ ഏകദേശം നൂറ് മടങ്ങ് കൂടുതലാണെന്നാണ് റിപോര്‍ട്ട്. ദല്‍ഹിയിലെ പി എം2.5 സാന്ദ്രത ലോകാരോഗ്യ സംഘടന നിശ്ചയിച്ച വായു ഗുണനിലവാര മാര്‍ഗ നിര്‍ദ്ദേശ മൂല്യത്തിന്റെ 96.2 ഇരട്ടിയാണ്. വായുവില്‍ തങ്ങി നില്‍ക്കുന്ന ഖര, ദ്രാവക കണികളുടെ മിശ്രിതമാണ് പിഎം 2.5 എന്നത്. 2.5 മൈക്രോമീറ്റര്‍ മുതല്‍ 10 മൈക്രോ മീറ്റര്‍ വരെ വ്യാസമുള്ളവയാണിവ. സാധാരണയായി ഗണ്യമായ അനുപാതത്തില്‍ കാണപ്പെടുന്ന ഇവ അന്തരീക്ഷത്തില്‍ വര്‍ധിച്ചാല്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ദല്‍ഹിയിലും പരിസരങ്ങളിലും 10 മൈക്രോമീറ്റര്‍ വരെയുള്ളവയാണ് കൂടുതലായി കാണുന്നത്. ദല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തില്‍ പ്രവേശിച്ചതോടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരമായി ദല്‍ഹി മാറിയിട്ടുണ്ട് രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) 500 ന് മുകളില്‍ പല സ്ഥലങ്ങളിലും രേഖപ്പെടുത്തി. ദല്‍ഹിയിലെ വസീര്‍പൂര്‍ മോണിറ്ററിംഗ് സ്‌റ്റേഷനിലാണ് ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തിയത്. ഇവിടെ എക്യുഐ ലെവല്‍ 859 ആണ് റിപോര്‍ട്ട് ചെയ്തത്.
അന്തരീക്ഷ മലിനീകരണം ഉയര്‍ന്ന തോതില്‍ തുടരുന്നതിനാല്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി ഈ മാസം പത്ത് വരെ നീട്ടിയതായും 6-12 വരെയുള്ള ക്ലാസുകള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ നടത്താനുള്ള ഓപ്ഷന്‍ നല്‍കിയതായും ദല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കണമെന്ന നിര്‍ദേശവും ദല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.