ടെല്‍ അവീവ് - ഗാസയില്‍ അണുബോംബിടുന്നതും ഒരു സാധ്യതയാണെന്ന വിവാദ പരാമര്‍ശം നടത്തിയ മന്ത്രിയെ പുറത്താക്കി . വന്‍ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ജെറുസലേം കാര്യ-പൈതൃക വകുപ്പ് മന്ത്രി അമിഹായ് എലിയാഹുവിനെയാണ് ഇസ്രായില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഒട്സമ യഹൂദിത് പാര്‍ട്ടിയുടെ മന്ത്രിയാണ് എലിയാഹു. ഗാസയ്ക്കുമേല്‍ അണുബോംബിടുന്നതും ഒരു സാധ്യതയാണ്' എന്നായിരുന്നു എലിയാഹുവിന്റെ വാക്കുകള്‍. ഒരു ഇസ്രയേലി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം. ഗാസയില്‍ അണുംബോംബ് പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് 'അതുമൊരു സാധ്യതയാണ്' എന്നായിരുന്നു എലിയാഹുവിന്റെ മറുപടി. ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനെയും അഭിമുഖത്തില്‍ എലിയാഹു എതിര്‍ത്തു. 'നാസികളുടെ മാനുഷിക സഹായം ഞങ്ങള്‍ കൈമാറില്ല' എന്നാണ് എലിയാഹു പറഞ്ഞത്. പലസ്തീനികള്‍ക്ക് അയര്‍ലാന്‍ഡിലേക്കോ മരുഭൂമികളിലേക്കോ പോകാമെന്നും ഗാസയിലെ രാക്ഷസന്‍മാര്‍ അവരുടെ വഴി സ്വയം കണ്ടെത്തട്ടേയെന്നും എലിയാഹു പറഞ്ഞിരുന്നു.