ദുബയ്- യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ഇന്ത്യക്കാരന്റെ 2,05,000 ദിര്‍ഹം പിഴ അധികൃതര്‍ ഒഴിവാക്കി. സ്‌പോണ്‍സറില്‍ നിന്നും ഏഴുവര്‍ഷം മുമ്പ് ചാടിപ്പോയ പ്രവാസിക്കാണ് പൊതുമാപ്പ് തുണയായത്. മുങ്ങിയ വിദേശികളുടെ പാസ്‌പോര്‍ട്ടുകള്‍ അധികൃതരുടെ അപേക്ഷ മാനിച്ച് നിരവധി ഇമാറാത്തി സ്‌പോണ്‍സര്‍മാര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സില്‍ (ജി.ഡി.ആര്‍.എഫ്.എ) തിരികെ ഏല്‍പ്പിച്ചതോടെ നൂറുകണക്കിന് വിദേശികള്‍ക്ക് മടങ്ങിപ്പോക്ക് എളുപ്പമായി. അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ അല്‍ ഫുജൈറ കേന്ദ്രത്തില്‍ പൊതുമാപ്പിന് അപേക്ഷിച്ചവരില്‍ 80 ശതമാനവും സ്‌പോണ്‍സറില്‍ നിന്ന് മുങ്ങിയ വിദേശികളായിരുന്നു. സ്‌പോണ്‍സര്‍മാര്‍ ഇവരുടെ പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് തിരികെ നല്‍കിയതോടെ നിയമനടപടികളില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടു.
ജി.ഡി.ആര്‍.എഫ്.എയില്‍ നിന്നും പാസ്‌പോര്‍ട്ട് തിരികെ ലഭിച്ച വിദേശികള്‍ക്ക് തങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കാനും നാട്ടിലേക്കുള്ള മടങ്ങിപ്പോക്കിനുമുള്ള വഴികള്‍ എളുപ്പമായി. പൊതുമാപ്പിന് ഇമാറാത്തികളുടെ നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഫുജൈറയിലെ റെസിഡന്‍സ് ആന്റ് ഫോറിന്‍ അഫയേഴ്‌സ് ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. അഹമദ് അലി അല്‍ ശാഗിരി പറഞ്ഞു.
പൊതുമാപ്പിനുള്ള അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതോടെ ജി.ഡി.ആര്‍.എഫ്.എ കൂടുതല്‍ ഓഫീസുകള്‍ തുറന്ന് നടപടികളുടെ വേഗം കൂട്ടിയിട്ടുണ്ട്. ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചു. വരും ദിവസങ്ങളിലും അപേക്ഷകരുടെ വര്‍ധന പ്രതീക്ഷിച്ച് കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.