Sorry, you need to enable JavaScript to visit this website.

ഫലസ്തീനിലേക്ക് ബ്ലിങ്കന്റെ അപ്രതീക്ഷിത സന്ദർശനം; ഗാസയുടെ നിയന്ത്രണം ഫലസ്തീൻ അതോറിറ്റി ഏറ്റെടുക്കണമെന്ന്

ഗാസ- ഗാസയിലേക്ക് ഇസ്രായിൽ സൈന്യം ശക്തമായ ആക്രമണം നടത്തുന്നതിനിടെ വെസ്റ്റ് ബാങ്കിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ അപ്രതീക്ഷിത സന്ദർശനം. ഞായറാഴ്ചായാണ് അധിനിവേശ വെസ്റ്റ് ബാങ്കിൽ ബ്ലിങ്കൻ സന്ദർശനം നടത്തിയത്. ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി. അറബ് വിദേശകാര്യ മന്ത്രിമാരുമായി ജോർദാനിൽ കൂടിക്കാഴ്ച നടത്തി ഒരു ദിവസത്തിന് ശേഷമാണ് കനത്ത സുരക്ഷയിൽ ബ്ലിങ്കൻ റാമല്ലയിലെത്തിയത്. ഗാസയിലെ ഫലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കരുതെന്ന് മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ തീവ്രവാദ അക്രമം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ചർച്ച ചെയ്തതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. .
വടക്കൻ ഗാസയിലെ ഫലസ്തീൻ സിവിലിയന്മാരോട് തെക്കൻ ഭാഗത്തേക്ക് പോകണമെന്ന് ഇസ്രായിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങൾ പരിഗണിക്കാതെ, ഇസ്രായിലിന്റെ യുദ്ധ യന്ത്രത്തിന്റെ കൈകളിൽ ഗാസയിൽ ഫലസ്തീൻ ജനത അനുഭവിച്ച വംശഹത്യയെയും നാശത്തെയും അബ്ബാസ് അപലപിച്ചു. യുദ്ധാനന്തരം ഗാസയുടെ നിയന്ത്രണം അബ്ബാസിന്റെ ഫലസ്തീൻ അതോറിറ്റി തിരിച്ചുപിടിക്കണമെന്ന് ബ്ലിങ്കൻ കഴിഞ്ഞ ആഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇസ്രായിൽ-ഫലസ്തീൻ സംഘർഷത്തിന് സമഗ്രമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തിയാൽ മാത്രമേ ഫലസ്തീൻ അതോറിറ്റിക്ക് ഗാസയിൽ വീണ്ടും അധികാരത്തിൽ വരാൻ കഴിയൂവെന്ന് അബ്ബാസ് പറഞ്ഞു. ഒരു ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ഭരണകൂടം പറഞ്ഞെങ്കിലും നെതന്യാഹുവിന്റെ കടുത്ത വലതുപക്ഷ സർക്കാർ ശക്തമായി എതിർത്തു.
ഇസ്രായിൽ-ഹമാസ് യുദ്ധം വെസ്റ്റ്ബാങ്കിൽ സംഘർഷം രൂക്ഷമാക്കിയിട്ടുണ്ട്. ഇസ്രായേലി സേനയുമായുള്ള ഏറ്റുമുട്ടലിലും കുടിയേറ്റക്കാരുടെ ആക്രമണങ്ങളിലും 150 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. 
 

Latest News