Sorry, you need to enable JavaScript to visit this website.

ഒരു വനിതാ എം പിയോട് ചോദിച്ച വഷളന്‍ ചോദ്യങ്ങള്‍ കേട്ടോ? ഹോട്ടലില്‍ ആരോടൊപ്പമാണ് തങ്ങാറുള്ളതെന്ന്

ന്യൂദല്‍ഹി - പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയോട് പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റി ചോദിച്ച ചോദ്യങ്ങള്‍ വെളിപ്പെടുത്തി മഹൂവ തന്നെ വെളിപ്പെടുത്തി. ചോദ്യക്കോഴ വിവാദം ഉന്നയിച്ച് തന്നെ രാഷ്ട്രീയമായി വേട്ടയാടാന്‍ എത്തിക്സ് കമ്മിറ്റി അമാന്യമായ ചോദ്യങ്ങള്‍ ചോദിച്ചെന്ന് അവര്‍ ആവര്‍ത്തിച്ചു. ഹിയറിംഗ് പൂര്‍ത്തിയാക്കാതെ അവര്‍ ഇറങ്ങിപ്പോകുകയാണുണ്ടായത്. രാത്രി ആരെയൊക്കെയാണ് ഫോണ്‍ ചെയ്യാറുള്ളത്, ഹോട്ടലില്‍ തങ്ങുമ്പോള്‍ ആരാണ് ഒപ്പമുണ്ടാകാറുള്ളത് മുതലായ ചോദ്യങ്ങള്‍ എത്തിക്സ് കമ്മിറ്റിയില്‍ നിന്നും നേരിടേണ്ടി വന്നെന്ന് മഹുവ പറഞ്ഞു. എത്തിക്സ് കമ്മിറ്റിയ്ക്ക് മുന്നില്‍ നിന്നുള്ള നാടകീയമായ ഇറങ്ങിപ്പോകലിന് ശേഷം ' ഇന്ത്യന്‍ എക്സ്പ്രസിന് ' അനുവദിച്ച അഭിമുഖത്തിലായിരുന്നു താന്‍ നേരിട്ട കാര്യങ്ങള്‍ മഹുവ വിശദീകരിച്ചത്. 
എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍ തന്നെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും തന്റെ മൊഴി റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചില്ലെന്നും മഹുവ പറയുന്നു. രാത്രി വൈകി നിങ്ങള്‍ ആരോടാണ് സംസാരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത 24 മണിക്കൂറിലെ അര്‍ദ്ധരാത്രിയിലെ ഫോണ്‍കാളുകളുടെ വിവരങ്ങള്‍ ഞങ്ങള്‍ക്ക് തരാന്‍ സാധിക്കുമോ എന്നവര്‍ ചോദിച്ചു. അതിന് സമ്മതമല്ലെങ്കില്‍ പറ്റില്ല എന്ന് പറയാമെന്നും അവര്‍ പറഞ്ഞു. നിങ്ങളൊരു വേശ്യയാണോ എന്ന് ചോദിക്കുകയും അപ്പോള്‍ ഞാന്‍ അല്ല എന്ന് പറയുകയും ചെയ്താല്‍ അതില്‍ ഒരു പ്രശ്നവുമില്ല, ആ ചോദ്യം കൊണ്ടുള്ള പ്രശ്നം അവിടെ തീര്‍ന്നു എന്ന് ഞാന്‍ കരുതിക്കോളണം എന്നാണോ നിങ്ങള്‍ വിചാരിക്കുന്നതെന്ന് മഹുവ ഒരു മറുചോദ്യം ചോദിച്ചു. ബി ജെ പി അംഗങ്ങള്‍ ആ സമയത്ത് നിശബ്ദരായിരുന്നെന്നും തങ്ങള്‍ ഇതിന്റെ ഭാഗമാകില്ലെന്ന് ആ സമയത്ത് പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കിയെന്നും മഹുവ പറയുന്നു.
അഞ്ച് വര്‍ഷം ഏതൊക്കെ സ്ഥലങ്ങളില്‍ സഞ്ചരിച്ചെന്നും ഏതൊക്കെ ഹോട്ടലില്‍ തങ്ങിയെന്നും പറയാന്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍ ഒപ്പം ആരൊക്കെയുണ്ടായിരുന്നെന്ന് ചോദിച്ചു. ഒരാളെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ നിങ്ങള്‍ അയാളെ പ്രീയപ്പെട്ട സുഹൃത്തെന്നാണ് പരാമര്‍ശിച്ചത്. അയാളുമായി എത്ര അടുപ്പമുണ്ടെന്നും ഈ അടുപ്പം അയാളുടെ ഭാര്യയ്ക്ക് അറിയാമോ എന്നും തന്നോട് എത്തിക്സ് കമ്മിറ്റി അംഗങ്ങള്‍ ചോദിച്ചതായി മഹുവ അഭിമുഖത്തില്‍ പറഞ്ഞു.

 

Latest News