Sorry, you need to enable JavaScript to visit this website.

സൗദിയിലെ അൽഉലായിൽ രണ്ടുലക്ഷം വർഷം പഴക്കമുള്ള മഴു കണ്ടെത്തി

അൽഉലാ- ശിലായുഗത്തിലേതെന്ന് കരുതപ്പെടുന്ന മഴു അൽഉലായിലെ ഖുർഹ് പ്രദേശത്തെ ഉത്ഖനനത്തിൽ നിന്ന് ലഭിച്ചതായി അൽഉല റോയൽ കമ്മീഷൻ അറിയിച്ചു. രണ്ട് ലക്ഷം വർഷം മുമ്പ് കൈ കൊണ്ട് ഉപയോഗിച്ചിരുന്ന ശിലാ നിർമിത മഴുവാണിത്.
മിനുസമേറിയ ബസാൾട്ട് കല്ല് കൊണ്ട് നിർമിച്ച ഈ മഴുവിന് 51.3 സെന്റമീറ്റർ നീളമാണുള്ളത്. വസ്തുക്കൾ മുറിക്കാൻ സാധിക്കുന്ന വിധത്തിൽ രണ്ടു ഭാഗവും കൂർത്ത രൂപത്തിലാണിത് തയ്യാറാക്കിയിരിക്കുന്നത്. ഈ മഴു എന്തിനൊക്കെ ഉപയോഗിച്ചിരുന്നുവെന്ന് ഇപ്പോഴും ഗവേഷകർ പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഇസ്ലാമിന്റെ ആദ്യകാലത്തെ വിവിധ ചരിത്ര സ്മാരകങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വളരെ കാലം മുമ്പെ അറേബ്യൻ ഉപദ്വീപിലെ പ്രധാന നഗരമായിരുന്നു ഖുർഹ്. മുൻ വർഷങ്ങളിലും ഇവിടെ നിരവധി പുരാവസ്തുക്കളും മറ്റും കണ്ടെടുത്തിരുന്നു.
ഹെറിറ്റേജ് കൺസൾട്ടൻസിയായ ടിഇഒഎസ് ഹെറിറ്റേജിലെ ഡോ. കാൻ ജിസെം അക്‌സോയിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘമാണ് ഈ അമൂല്യ വസ്തു കണ്ടെത്തിയത്. ഇവരാണ് അൽഖുർഹിൽ ഉദ്ഖനനം നടത്തുന്നത്. പുരാതന ഇസ്ലാമിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി പുരാവസ്തുക്കൾ ഈ സംഘം ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തൽ അറേബ്യൻ ഉപദ്വീപിലെ മനുഷ്യ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കുമെന്ന് സംഘം അഭിപ്രായപ്പെട്ടു. ഇതുപോലെ 12 ഓളം ശിലായുധങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആയിരക്കണക്കിന് വർഷം മുമ്പ് ഉപയോഗിച്ച നിരവധി വസ്തുക്കൾ ഇനിയും കണ്ടെത്താൻ സാധ്യതയുണ്ടെന്നാണ് ഇവർ പറയുന്നത്.

Latest News