ജിദ്ദ- റാബിഗിൽ വാഹനവുമായി മഴവെള്ളപ്പാച്ചിലിൽ കുടുങ്ങിയ സാഹസിക യാത്രക്കാരനെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ അടിയന്തര സഹായ വിഭാഗം രക്ഷിച്ചു. സുരക്ഷ വകുപ്പുകളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് മഴവെള്ളപ്പാച്ചിൽ മുറിച്ചു കടന്ന് സാഹസികത കാണിക്കാൻ ശ്രമിച്ചതിന് കാർയാത്രക്കാരനെതിരെ സൗദി ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട് പിഴയും നൽകിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പിനോടൊപ്പം മഴവെള്ളപ്പാച്ചിലുള്ള സമയങ്ങളിലും വെള്ളക്കെട്ടുകളിലും ഉല്ലാസത്തിനെത്തരുതെന്നും സാഹസികതക്ക് മുതിരരുതെന്നും സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് അയ്യായിരം മുതൽ പതിനായിരം റിയാൽ വരെ പിഴയീടാക്കുമെന്നതാണ് ഇതു സംബന്ധിച്ച നിയമാവലി അനുശാസിക്കുന്നത്. യാത്രക്കാരും മറ്റുള്ളവരുമായി മഴവെള്ളപ്പാച്ചിലിലും വെള്ളക്കെട്ടുകളിലും കുടുങ്ങിയ ഏതാനും പേരെ കഴിഞ്ഞ ദിവസങ്ങളിൽ സിവിൽ ഡിഫൻസ് വിഭാഗം രക്ഷപ്പെടുത്തിയിരുന്നു.