Sorry, you need to enable JavaScript to visit this website.

കരുണാനിധിയുടെ അന്ത്യവിശ്രമം മറീനാ ബീച്ചില്‍ തന്നെ; സംസ്‌കാരം വൈകീട്ട് നാലിന്

ചെന്നൈ- കരുണാനിധിയുടെ സംസ്‌കാരം മറീനാ ബീച്ചില്‍ സ്ഥലം അനുവദിച്ച് മദ്രാസ് ഹൈക്കോടി ഉത്തരവ്.  മറീന ബീച്ചില്‍ രാഷ്ട്രീയ നേതാക്കളുടെ സ്മാരകങ്ങള്‍ പണിയുന്നതിനെതിരെ ഹര്‍ജികള്‍ കോടതി തള്ളുകയും ചെയ്തു. കരുണാനിധിക്ക് അന്ത്യവിശ്രമ സ്ഥലം മറീനയില്‍ അനുവദിക്കുന്നിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കാന്‍ കാരണമായത് ഈ ഹര്‍ജികളായിരുന്നു. ട്രാഫിക് രാമസ്വാമി, പി.എം.കെ നേതാവ് കെ. ബാലു, ദ്രാവിഡ കഴകം നേതാവ് ദൊരൈസാമി എന്നിവര്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി തള്ളിയത്. മറീനയില്‍ രാഷ്ട്രീയ നേതാക്കളെ സംസ്‌ക്കരിക്കുന്നതിന് സ്ഥലം അനുവദിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജികള്‍. മറീനയിലെ അണ്ണാ മെമോറിയലില്‍ കരുണാനിധിയുടെ സംസ്‌കാരം നടത്താനാണു ഹൈക്കോടതി അനുമതി നല്‍കിയത്. 

മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്കു മാത്രമെ മറീനയില്‍ അന്ത്യവിശ്രമ സ്ഥലം അനുവദിക്കൂവെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദം. കരുണാനിധിയുടെ ഗുരുവും ദ്രാവിഡ കഴകം നേതാവുമായ പെരിയാറിന്റെ അന്ത്യവിശ്രമം പോലും മറീനയില്‍ അല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാരിനെതിരെ പ്രതിഷേധമുയരാനും ഈ നിലപാട് കാരണമായി. കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാള്‍ പരിസരത്ത് ഡി.എം.കെ അണികളുടെ 'മറീന വേണ്ടും മറീന വേണ്ടും' എന്ന മുറവിളികള്‍ ഉയര്‍ന്നു. ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിനുമെതിരെ 'തിരുമ്പിപ്പോ' വിളികളും നേരിടേണ്ടി വന്നു.

കരുണാനിധിയുടെ സംസ്‌ക്കാരം വൈകീട്ട് നാലിനു നടക്കുമെന്നാണ് ഔദ്യോഗിക വിവരം. പ്രധാനമന്ത്രി നേരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കും.

Latest News