തൊടുപുഴ-കോൺഗ്രസിനെ വിളിക്കാത്ത ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുസ്‌ലിം ലീഗിനെ ക്ഷണിച്ച് സി.പി.എം നാണംകെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.മുസലിം ലീഗിന്റെ തീരുമാനം വന്നതോടെ, യു.ഡി.എഫിന്റെ കരുത്ത് സംശയമുള്ള ചിലർക്ക് ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഇടുക്കി ഡി.സി.സിയുടെ പ്രവർത്തക കൺവൻഷനിൽ പങ്കെടുക്കാനെത്തിയ സതീശൻ തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും വരൂ വരൂവെന്ന് പറഞ്ഞ് സി.പി.എം എന്തിനാണ് ലീഗിന് പിന്നാലെ നടക്കുന്നത്? എൽ.ഡി.എഫിന് ആത്മവിശ്വാസം നഷ്ടമായതും ജനങ്ങൾ എതിരാണെന്ന് ബോധ്യമായതും ജനക്കൂട്ടത്തിൽ വിചാരണ ചെയ്യപ്പെടുമെന്ന് മനസിലായതും കൊണ്ടാണ് യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ലീഗിന് പിന്നാലെ നടക്കുന്നത്. ഏക സിവിൽ കോഡ് സെമിനാറിലേക്കും സി.പി.എം ലീഗിനെ ക്ഷണിച്ചിരുന്നു. പരിപാടി നല്ലതാണെന്നും കോൺഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് പങ്കെടുക്കില്ലെന്നും ലീഗ് കൃത്യമായ മറുപടി നൽകിയിരുന്നു.
കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോൾ കോൺഗ്രസ്- ലീഗ് ബന്ധത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ പോലും ഇല്ല. എല്ലാ പൊതുതീരുമാനങ്ങളും കൂടിയാലോചനകളിലൂടെയാണ് എടുക്കുന്നത്. ഒരു പാർട്ടിയെന്ന നിലയിൽ ചില കാര്യങ്ങളിൽ ലീഗിന് അവരുടേതായ അഭിപ്രായങ്ങളുണ്ടാകും. പക്ഷെ കോൺഗ്രസിനോ യു.ഡി.എഫിനോ ഹാനികരമാകുന്ന ഒരു തീരുമാനങ്ങളും ലീഗ് സ്വീകരിക്കാറില്ല. ലീഗിനെ വേദനിപ്പിക്കുന്ന തീരുമാനം കോൺഗ്രസും എടുക്കാറില്ല. എൽ.ഡി.എഫ് ദുർബലമാണെന്ന് പുരപ്പുറത്ത് കയറി വിളിച്ചു പറയുകയാണ് സി.പി.എം.എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വളരെ ഭംഗിയായി പറഞ്ഞു. ഇതോടെ എല്ലാം അവസാനിച്ചു.
ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സി.പി.എം കൊണ്ടു പോയി. ഫലസ്തീന് ആര് ഐക്യദാർഢ്യം പ്രഖ്യാപിച്ചാലും കോൺഗ്രസ് സ്വാഗതം ചെയ്യും. പക്ഷെ സി.പി.എം വിലകുറഞ്ഞ തരികിട രാഷ്ട്രീയം കൊണ്ടുവന്ന് ആ പരിപാടിയുടെ ശോഭകെടുത്തി.
മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യരോട് കേരളീയത്തിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിരുന്നു. ഇത് ധിക്കരിച്ചാണ് അദ്ദേഹം പങ്കെടുത്തത്. ഇക്കാര്യം എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. ജനസദസിന് പണം അനുവദിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളോടും ജില്ലാ കലക്ടർമാരോടും സർക്കാർ നിർദേശിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് ജോലികൾ ചെയ്യേണ്ട ബി.എൽ.ഒമാരെ ജനസദസിനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും.
വൈദ്യുതി നിരക്ക് വർധന ജനങ്ങളോടുള്ള ക്രൂരതയാണ്. സർക്കാർ നടത്തുന്ന അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഫലം അനുഭവിക്കേണ്ടി വരുന്നത് പൊതുജനങ്ങളാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബി ഏഴ് വർഷം കൊണ്ട് 40000 കോടി രൂപയുടെ കടത്തിലായെന്നും സതീശൻ പറഞ്ഞു.
പണം എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും പിണറായിക്കില്ലെന്ന് കൺവൻഷൻ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആരോപിച്ചു. കുടുംബത്തിനും അടുപ്പക്കാർക്കും വേണ്ടി കോടികളാണ് പിണറായി സമ്പാദിക്കുന്നത്.
മാസപ്പടി ഇനത്തിൽ പിണറായിയും മകളും വാങ്ങിയത് കോടികളാണ്. ജോലി ചെയ്യാതെ വാങ്ങിയത് എന്ത് പണമാണെന്ന് പിണറായി വ്യക്തമാക്കണം. ഇത്രയും വിവാദം ഉണ്ടായിട്ടും പിണറായിയും മകൾ വീണയും ഒരക്ഷരം മറുപടി പറഞ്ഞിട്ടില്ല. ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടുമില്ല.
ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു അധ്യക്ഷത വഹിച്ചു. എം. പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു, കെ പി സി സി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ, കെ.ജയന്ത്, ജി.സുബോധനൻ തുടങ്ങിയവർ സംസാരിച്ചു.