ന്യൂദൽഹി- അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഈ മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് കോൺഗ്രസും ഒരിടത്ത് തെലങ്കാനയും ഭരണത്തിലേറുമെന്ന് സർവേ ഫലം. മധ്യപ്രദേശിൽ കോൺഗ്രസ് തിരിച്ചുവരികയും ഛത്തിസ്ഗഡിൽ ഭരണം നിലനിർത്തുകയും ചെയ്യും. രാജസ്ഥാനിൽ ബി.ജെ.പിക്കാണ് ആധിപത്യം. തെലങ്കാനയിൽ ടി.ആർ.എസ് മൂന്നാമതും അധികാരത്തിലെത്തും. എ.ബി.പി.സീ വോട്ടറാണ് അഭിപ്രായ സർവേ നടത്തിയത്.
മധ്യപ്രദേശിൽ 230 സീറ്റുകളിൽ 118 മുതൽ 130 സീറ്റുകൾ വരെ കോൺഗ്രസ് സ്വന്തമാക്കുമെന്നാണ് സർവേ ഫലം. അതേസമയം, ബിജെപിക്ക് 99-111 സീറ്റ് ലഭിക്കും. 45% ശതമാനം വോട്ട് വിഹിതം സ്വന്തമാക്കിയാകും കോൺഗ്രസ് മധ്യപ്രദേശിൽ തിരിച്ചുവരിക. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കോൺഗ്രസാണ് ജയിച്ചിരുന്നത്. എന്നാൽ ജ്യോതിരാദിത്യസിന്ധ്യയുടെ നേതൃത്വത്തിൽ വിമതർ ഭരണം മരിച്ചിട്ടു.
രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷമാണ് ബിജെപിക്ക് സർവേ ഫലം പ്രവചിക്കുന്നത്. 200 സീറ്റിൽ 114 മുതൽ 124 വരെ സീറ്റുകൾ ബി.ജെ.പി സ്വന്തമാക്കിയേക്കും. കോൺഗ്രസ് 66-77 സീറ്റ് നേടും. ഛത്തിസ്ഗഡിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. 90 സീറ്റിൽ കോൺഗ്രസ് 45 മുതൽ 51 സീറ്റുകൾ വരെ നേടാം. ബിജെപിക്ക് 36 മുതൽ 42 വരെ സീറ്റുകൾ ലഭിക്കും.
119 സീറ്റുകളുള്ള തെലങ്കാന നിയമസഭയിൽ മൂന്നാംതവണയും ബി.ആർ.എസിന് സാധ്യതയെന്നാണ് സർവേ വ്യക്തമാക്കുന്നത്. ബി.ആർ.എസ് 49 മുതൽ 61 സീറ്റുകൾ വരെ നേടാം. കോൺഗ്രസ് 43 മുതൽ 55 സീറ്റുകൾ വരെ കരസ്ഥമാക്കും.
40 അംഗ മിസോറാം അസംബ്ലിയിൽ തുടർച്ചയായി എംഎൻഎഫിനു തന്നെയാണ് വിജയമെന്നാണ് സർവേ പറയുന്നത്. 17 മുതൽ 21 സീറ്റുകളാണ് എം.എൻ.എഫിന് ലഭിക്കുക. കോൺഗ്രസിന് ആറു മുതൽ പത്തു സീറ്റ് വരെ ലഭിക്കാമെന്നും ഇസഡ്.പി.എമ്മിന് പത്തു മുതൽ 14 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പറയുന്നു.