ന്യൂദൽഹി- അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ മോഡിക്കെതിരെ ഇന്ത്യ സഖ്യത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഇന്ത്യൻ സഖ്യത്തിൽ നിന്ന് ഏതെങ്കിലും വ്യക്തിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിന് കോൺഗ്രസ് എതിരാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖാർഗെ ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം തിരഞ്ഞെടുപ്പ് നടക്കട്ടെയെന്നും അതിനുശേഷം പാർട്ടികൾ യോഗം ചേർന്ന് പ്രധാനമന്ത്രി ആരാണെന്ന് തീരുമാനിക്കാമെന്നും ഖാർഗെ പറഞ്ഞു. തിരഞ്ഞെടുപ്പിൽ എല്ലാവരേയും ഒരുമിച്ച് നിർത്തുന്നത് ഇത് ഉറപ്പാക്കുമെന്നും ഖാർഗെ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ പാർട്ടിക്ക് നിർണായകമാണ്. അതിനാലാണ് ഇന്ത്യ സഖ്യത്തിന്റെ യോഗങ്ങൾക്ക് ഇടവേള എടുക്കേണ്ടി വന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യത്തിലെ എല്ലാ പങ്കാളികളുമായും സംസാരിക്കുന്നുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു. ബി ജെ പിയെ നേരിടാൻ സഖ്യമുണ്ടാക്കേണ്ടതും ഒരു സംഘമായി പ്രവർത്തിക്കേണ്ടതും ആവശ്യമാണെന്നും ഖാർഗെ പറഞ്ഞു. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിന് കോൺഗ്രസിന്റെ സംസ്ഥാന ഘടകങ്ങൾ എതിരാണ്. കേരളത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ബദ്ധവൈരികളാണെങ്കിലും ദേശീയതലത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. അതേരീതിയിൽ സഖ്യത്തിൽ ഒരുമിച്ച് പോരാടുന്നതിനെ കുറിച്ച് എഎപിക്ക് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടില്ലെന്ന ഖാർഗെയുടെ നിലപാട് രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ചിത്രത്തിലില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനോട് രാഹുൽ ഗാന്ധിക്ക് താൽപ്പര്യമില്ലെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.