പട്ടാമ്പി- ഭാരതപ്പുഴയിൽ യുവാവ് സുഹൃത്തുക്കളെ കൊന്നു തള്ളിയത് ലഹരിവസ്തുക്കളുടെ ഉപയോഗത്തിനിടെയാണെന്ന് സൂചന. അറസ്റ്റിലായ ഓങ്ങല്ലൂർ കൊണ്ടൂർക്കര പറമ്പിൽ വീട്ടിൽ മുസ്തഫ(26) താനാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത് എന്ന കാര്യം പോലീസിനോട് സമ്മതിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത് എന്ന് തൃത്താല പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വ്യാഴാഴ്ച രാത്രിയാണ് ഭാരതപ്പുഴയിൽ കണ്ണന്നൂർ കരിമ്പനക്കടവിൽ വെച്ച് മുസ്തഫയുടെ സുഹൃത്തുക്കളായ അൻസാർ, അഹമ്മദ് കബീർ എന്നിവർ കൊല്ലപ്പെട്ടത്. മുസ്തഫയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പുഴയിൽ മീൻ പിടിക്കാൻ പോയ സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. യുവാക്കളിലൊരാളുടെ പേരിൽ കഞ്ചാവ് കൈവശം വെച്ചതിന് നേരത്തേ പോലീസ് കേസുണ്ട്. മറ്റുള്ളവരുടെ പേരിൽ സമാനമായ കേസുകളുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് അറിയിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി സി.ഹരിദാസിനാണ് കേസിന്റെ ചുമതല. മൂന്നു പേരും മീൻ പിടിക്കുന്നതിനു വേണ്ടി പുഴയോരത്ത് കാറിൽ വന്നിറങ്ങുന്നതിന് സാക്ഷികളുണ്ട്. ഈ കാർ പിന്നീട് കണ്ടെത്തിയിരുന്നു. താൻ ആദ്യം അൻസാറിനെയാണ് വെട്ടിയത് എന്നാണ് മുസ്തഫ പോലീസിനോട് പറഞ്ഞത്. വെട്ടു കൊണ്ട അൻസാർ റോഡിലേക്ക് ഓടിക്കയറിയതോടെ കബീറിനെതിരെ തിരിഞ്ഞു. ഗുരുതരമായി പരിക്കേറ്റ നിലയിൽ ബൈക്ക് യാത്രികരുടെ സഹായത്തോടെ പട്ടാമ്പിയിലെ സ്വകാര്യാശുപത്രിയിലെത്തിയ അൻസാർ അവിടെ വെച്ചാണ് മരിച്ചത്. കബീറിനെ വെട്ടി പുഴയിൽ തള്ളുകയായിരുന്നു. വെള്ളിയാഴ്ച പുഴയിലെ കുറ്റിക്കാട്ടിൽ കുടുങ്ങിയ നിലയിൽ കബീറിന്റെ മൃതദേഹം കിട്ടിയതോടെയാണ് മുസ്തഫയിലേക്ക് പോലീസിന്റെ അന്വേഷണം പൂർണ്ണമായും കേന്ദ്രീകരിച്ചത്. കബീറാണ് അൻസാറിനെ വെട്ടിയത് എന്നാണ് അതുവരെ മുസ്തഫ പറഞ്ഞിരുന്നത്.
മുസ്തഫയേയും കൊണ്ട് പോലീസ് ഭാരതപ്പുഴയിൽ തെളിവെടുപ്പ് നടത്തി. പട്ടാമ്പി ഗവ.ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കിയതിനു ശേഷം വലിയ പോലീസ് സുരക്ഷയോടെയാണ് യുവാവിനെ പുഴയോരത്ത് കൊണ്ടു വന്നത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പുഴയിൽ നിന്ന് കണ്ടെടുത്തു. പ്രതിയെ കാണാൻ നിരവധി പേർ തടിച്ചു കൂടിയിരുന്നു.