Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫ്‌ളൈ നാസിന്റെ ജിദ്ദ-അൾമാട്ടി ഡയറക്ട് സർവീസിന് തുടക്കം

ഫ്‌ളൈ നാസിന്റെ പ്രഥമ ജിദ്ദ-അൾമാട്ടി ഡയറക്ട് സർവീസിനോടനുബന്ധിച്ച് അൾമാട്ടി എയർപോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ നിന്ന്.

ജിദ്ദ- സൗദി ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ജിദ്ദക്കും കസാക്കിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അൾമാട്ടിക്കുമിടയിൽ ഡയറക്ട് സർവീസ് ആരംഭിച്ചു. എയർ കണക്ടിവിറ്റി പ്രോഗ്രാമുമായുള്ള പങ്കാളിത്തത്തോടെയും ഈ വർഷാദ്യം കമ്പനി ആരംഭിച്ച വിപുലീകരണ പദ്ധതിയുടെ ഭാഗമായുമാണ് ജിദ്ദ-അൾമാട്ടി സർവീസ് ആരംഭിച്ചത്. പ്രഥമ സർവീസിനോടനുബന്ധിച്ച് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫ്‌ളൈ നാസ് കമ്പനി പ്രതിനിധികളും എയർ കണക്ടിവിറ്റി പ്രോഗ്രാം അധികൃതരും പങ്കെടുത്തു. 
ആദ്യ സർവീസിന് അൾമാട്ടി എയർപോർട്ടിലും ഊഷ്മള സ്വീകരണം ലഭിച്ചു. കസാക്കിസ്ഥാനിലെ സൗദി അംബാസഡർ ഫൈസൽ അൽഖഹ്ത്താനി ചടങ്ങിൽ സംബന്ധിച്ചു. സൗദി അറേബ്യക്കും കസാക്കിസ്ഥാനും ഇടയിൽ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലായി പ്രതിവാരം മൂന്നു സർവീസുകൾ വീതമാണ് ഫ്‌ളൈ നാസ് നടത്തുന്നത്. ഈ മാസം 15 മുതൽ റിയാദ്, ബഹ്‌റൈൻ ഡയറക്ട് സർവീസുകൾക്ക് ഫ്‌ളൈ നാസ് തുടക്കം കുറിക്കും. ആഴ്ചയിൽ ഏഴു സർവീസുകൾ വീതമാണ് റിയാദ്-ബഹ്‌റൈൻ സെക്ടറിൽ ഫ്‌ളൈ നാസ് നടത്തുക. 
ഡിസംബർ രണ്ടു മുതൽ ജിദ്ദ-ബ്രസ്സൽസ് ഡയറക്ട് സർവീസിനും ഫ്‌ളൈ നാസ് തുടക്കം കുറിക്കും. 
പ്രതിവാരം മൂന്നു സർവീസുകൾ വീതമാണ് നടത്തുക. ഈ മാസം ഏഴു മുതൽ ജിദ്ദ-അങ്കാറ ഡയറക്ട് സർവീസും ഫ്‌ളൈ നാസ് ആരംഭിക്കും. ജിദ്ദയിൽ നിന്ന് എല്ലാ ചൊവ്വാഴ്ചകളിലുമാണ് അങ്കാറ സർവീസുണ്ടാവുക. അടുത്തിടെ മദീന-അങ്കാറ ഡയറക്ട് സർവീസിന് ഫ്‌ളൈ നാസ് തുടക്കം കുറിച്ചിരുന്നു. 
തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ ലക്ഷ്യമിടുന്ന പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിനും ദേശീയ വ്യോമയാന തന്ത്രത്തിനും അനുസൃതമായാണ് ഫ്‌ളൈ നാസ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. 2030 ഓടെ സൗദിയിൽ നിന്ന് നേരിട്ട് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും, പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും, പ്രതിവർഷം സൗദി അറേബ്യ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിയായും ഉയർത്താൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു. 
നേരത്തെ നൽകിയ ഓർഡർ പ്രകാരം ഈ മാസം അവസാനത്തെ രണ്ടു വാരങ്ങളിൽ എയർബസ് എ-320 നിയോ ഇനത്തിൽ പെട്ട നാലു പുതിയ വിമാനങ്ങൾ കൂടി ഫ്‌ളൈ നാസിന് ലഭിക്കും. ഇതോടെ ഫ്‌ളൈ നാസിനു കീഴിൽ ഈയിനത്തിൽ പെട്ട വിമാനങ്ങളുടെ എണ്ണം 43 ആയി ഉയരും. മൊത്തം വിമാനങ്ങളുടെ എണ്ണം 60 ആയും ഉയരും. ലോകത്ത് ഏറ്റവും നൂതനവും പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുള്ളതുമായ ഏക ഇടനാഴി വിമാനമാണ് എയർബസ് എ-320 നിയോ. ഫ്‌ളൈ നാസിനു കീഴിലെ 70 ശതമാനം വിമാനങ്ങളും എയർബസ് എ-320 നിയോ ഇനത്തിൽ പെട്ടവയാണ്. 
രണ്ടു വർഷത്തിനിടെ ഫ്‌ളൈ നാസ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി ഉയർന്നിട്ടുണ്ട്. ഇതിൽ നാലെണ്ണം വീതി കൂടിയ ബോഡിയുള്ള എയർബസ് എ-330 ഇനത്തിൽ പെട്ടവയാണ്. എയർബസ് കമ്പനിയിൽ നിന്ന് 3,200 കോടി റിയാലിന് 120 വിമാനങ്ങൾ വാങ്ങാൻ ഫ്‌ളൈ നാസ് നേരത്തെ ഓർഡർ നൽകിയിരുന്നു. കരാർ പ്രകാരം എയർബസ് എ-320 നിയോ ഇനത്തിൽ പെട്ട 19 വിമാനങ്ങളാണ് എയർബസ് കമ്പനി ഈ വർഷം ഫ്‌ളൈ നാസിന് കൈമാറേണ്ടത്. ഇക്കൂട്ടത്തിൽ പെട്ട 15 വിമാനങ്ങൾ പത്തു മാസത്തിനിടെ കമ്പനിക്ക് ലഭിച്ചതായി ഫ്‌ളൈ നാസ് സി.ഇ.ഒയും എം.ഡിയുമായ ബന്ദർ അൽമുഹന്ന പറഞ്ഞു. 

Latest News