ജറൂസലം- ഇസ്രായിൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ ഇസ്രായിൽ-ലെബനോൺ അതിർത്തിയിൽ ശക്തമായ സംഘർഷം നടക്കുന്നതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളുടെയും അതിർത്തി കടന്നാണ് പോരാട്ടം നടക്കുന്നത്. ഫലസ്തീൻ പ്രദേശത്ത് ഇസ്രായിൽ ആക്രമണം തുടരുകയാണെങ്കിൽ പ്രാദേശിക സംഘട്ടനമായി മാറുമെന്ന് ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ല മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ ഏറ്റുമുട്ടലുകൾ.
ശനിയാഴ്ച, ലെബനനിൽ നിന്നുള്ള ആക്രമണത്തിന് തിരിച്ചടിയായി ഹിസ്ബുല്ല പോസ്റ്റ് ആക്രമിച്ചതായി സൈന്യം അറിയിച്ചു. അതിർത്തിയിലെ അഞ്ച് ഇസ്രായിൽ കേന്ദ്രങ്ങളിൽ ഒരേസമയം ആക്രമണം നടത്തിയതായി ഹിസ്ബുല്ല പറഞ്ഞു. തങ്ങളുടെ യുദ്ധവിമാനങ്ങൾ ടാങ്കിന്റെയും പീരങ്കികളുടെയും അകമ്പടിയോടെ ഹിസ്ബുല്ലയുടെ 'ഭീകര കേന്ദ്രങ്ങൾ' ആക്രമിച്ചതായി ഇസ്രായിൽ സൈന്യം പുതിയ പ്രസ്താവനയിൽ പറഞ്ഞു.