ഗുവാഹതി- മിയ മുസ്‌ലിംകളുടെ വോട്ട് തനിക്ക് വേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഗുവാഹത്തിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ഹിമന്ത ശര്‍മ്മ, മിയ മുസ്‌ലിംകള്‍ ഉള്ളതിനാലാണ് താന്‍ മെഡിക്കല്‍ കോളേജുകള്‍ സന്ദര്‍ശിക്കാത്തതെന്നും പറഞ്ഞു.
'മിയ' എന്നത് അസമിലെ ബംഗാളി സംസാരിക്കുന്ന അല്ലെങ്കില്‍ ബംഗാള്‍ വംശജരായ മുസ്‌ലിംകളെ താറടിക്കാന്‍ ഉപയോഗിക്കുന്ന അപകീര്‍ത്തികരമായ പദമാണ്.
'ഞാന്‍ മിയ മുസ്‌ലിംകളില്‍നിന്ന് വോട്ട് പ്രതീക്ഷിക്കുന്നില്ല. മിയ മുസ് ലിംകള്‍ കൂടുതലുള്ളതിനാല്‍ ഞാന്‍ മെഡിക്കല്‍ കോളേജുകള്‍ സന്ദര്‍ശിക്കാറില്ല,' അസം മുഖ്യമന്ത്രി പറഞ്ഞു. താനും തന്റെ പാര്‍ട്ടിയും സംസ്ഥാനത്തെ തദ്ദേശീയ മുസ്‌ലിംകളുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഹിമന്ത ശര്‍മ്മ പറഞ്ഞു.
'ഞങ്ങള്‍ അസമിലെ തദ്ദേശീയ മുസ്‌ലിംകളുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അസമിലെ തദ്ദേശീയരായ മു സ് ലിംകള്‍ ഒഴികെ മുസ്‌ലിംകളില്‍നിന്ന് ഞാന്‍ ഒരിക്കലും വോട്ട് പ്രതീക്ഷിക്കുന്നില്ല. എല്ലാ മെഡിക്കല്‍ കോളേജുകളിലും മിയ മുസ്‌ലിംകള്‍ നമ്മുടെ തദ്ദേശീയരായ യുവാക്കളെക്കാള്‍ കൂടുതലാണെന്നത് വളരെ സങ്കടകരമാണ്- അദ്ദേഹം പറഞ്ഞു.
അസമിലെ മുസ്‌ലിം സമുദായവുമായി കോണ്‍ഗ്രസിനും എ.ഐ.യു.ഡി.എഫിനും 'വോട്ട് ബന്ധമുണ്ടെന്നും' വര്‍ഷങ്ങളായി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അവരില്‍നിന്ന് വോട്ട് തേടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കുടിയേറ്റ വംശജരായ മുസ്‌ലിംകളുമായി ഇരുപാര്‍ട്ടികള്‍ക്കും വോട്ട് ലഭിക്കുന്നതുവരെ ബന്ധമുണ്ടെങ്കിലും അവരുടെ വികസനത്തിനോ അവര്‍ താമസിക്കുന്ന പ്രദേശങ്ങളിലോ ഒരു വികസന നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ശര്‍മ്മ പറഞ്ഞു, അവര്‍ റോഡുകളോ പാലങ്ങളോ സ്‌കൂളുകളോ നിര്‍മ്മിച്ചിട്ടില്ല.
തദ്ദേശീയരായ ആസാമീസ് മുസ്‌ലിംകളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അവരെ കുറിച്ച് ഉടന്‍ ഒരു സര്‍വേ നടത്തും- അദ്ദേഹം പറഞ്ഞു.
അതേസമയം, മിയ മുസ്‌ലിംകള്‍ ജോലി നിര്‍ത്തിയാല്‍ ഗുവാഹത്തി വിജനമാകുമെന്ന് അസം ആസ്ഥാനമായുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ തലവനും ധുബ്രിയില്‍ നിന്നുള്ള എം.പിയുമായ മൗലാന ബദ്‌റുദ്ദീന്‍ അജ്മല്‍ പ്രതികരിച്ചു. മിയ മുസ്‌ലിംകള്‍ ഗുവാഹത്തിയില്‍ മൂന്ന് ദിവസം ജോലി ചെയ്തില്ലെങ്കില്‍ അത് ശ്മശാനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.